എക്സൈസ് മന്ത്രി എം.ബി
തിരുവനന്തപുരം: കേരളത്തിലെ ബിവറേജസ് ഔട്ട്‍ലെറ്റുകളിൽ നിന്ന് വാങ്ങുന്ന മദ്യ കുപ്പികൾ തിരികെ എടുക്കാൻ പദ്ധതിയുമായി കേരള സർക്കാർ. പ്ലാസ്റ്റിക്കിന്‍റെ പുനരുപയോഗം പ്രോത്സാഹിപ്പിച്ച് പരിസ്ഥിതി മലിനീകരണം കുറക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. തിരികെ നൽകുന്ന മദ്യ കുപ്പികൾക്ക് കുപ്പി ഒന്നിന്ന് 20 രൂപ വെച്ച് നൽകും. പ്ലാസ്റ്റിക്, ചില്ലു കുപ്പികളാണ് തിരിച്ചെടുക്കുന്നത്.
ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്തും കണ്ണൂരും സെപ്തംബറോടെ നടപ്പിലാക്കാനാണ് തീരുമാനം. ക്യു.ആർ കോഡ് പതിച്ച കുപ്പികൾ വാങ്ങിയ ഔട്ട്‍ലെറ്റിൽ തന്നെ തിരികെ ഏൽപ്പിച്ച് പണം അക്കൗണ്ടിലേക്ക് വാങ്ങാം.
70 ലക്ഷം മദ്യകുപ്പികളാണ് ബിവറേജുകൾ പ്രതിവർഷം വിറ്റഴിക്കുന്നത്. ഇങ്ങനെ പുറത്തെത്തുന്ന 56 കോടി പ്ലാസ്റ്റിക് ബോട്ടിലുകളാണ് സംസ്ഥാനത്തെ അജൈവ മാലിന്യങ്ങളിൽ പ്രധാന ഘടകമെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ് പറയുന്നു. കുപ്പികൾ തിരിച്ചെടുക്കുന്ന പദ്ധതി തമിഴ്നാട് ഇതിനോടകം വിജയിപ്പിച്ചു കഴിഞ്ഞു.
ഉപഭോക്താക്കളിൽ നിന്ന് പണം നൽകി മദ്യ കുപ്പികൾ തിരികെ എടുക്കാനുള്ള തീരുമാനം സംസ്ഥാനത്തെ മാലിന്യ സംസ്കരണ ഉദ്യമങ്ങൾക്ക് ശക്തി പകരും. ക്ലീൻ കേരള കമ്പനി ലിമിറ്റഡുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. ഇങ്ങനെ തിരിച്ചെടുക്കുന്ന കുപ്പികൾ റീസൈക്കിൾ ചെയ്ത് തിരികെ നൽകും.
പദ്ധതി പ്രഖ്യാപനത്തിനൊപ്പം ബെവ്കോയുടെ ആദ്യ സൂപ്പർ പ്രീമിയം ഔട്ട്‍ലെറ്റ് ആഗസ്റ്റ് 5ന് തൃശൂരിൽ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 900 രൂപക്ക് മുകളിൽ വില വരുന്ന മദ്യമാകും ഇവിടെ ലഭ്യമാക്കുക. ഇത്തരത്തിൽ 4 ഔട്ട്‍ലെറ്റുകൾ ഭാവിയിൽ തുറക്കും. 800 രൂപക്ക് മുകളിലുള്ള മദ്യം ചില്ലു കുപ്പികളിൽ മാത്രമേ വിതരണം ചെയ്യൂ എന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.