തിരുവനന്തപുരം: ഇടതു ഭരണമുണ്ടായിരുന്ന പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും ഭരണനഷ്ടം ഓർമപ്പെടുത്തി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബംഗാളിലും ത്രിപുരയിലും ഇപ്പോൾ ഇടതുപക്ഷം നിലവിലില്ലെന്നും കേരളത്തിൽ മാത്രമാണ് ഇടതുപക്ഷ മുന്നണിയുടെ ഭരണം നിലവിലുള്ളതെന്നും അത് നിലനിർത്തേണ്ടത് കേരളത്തിലെ തൊഴിലാളി സമൂഹത്തിന്റെ ആവശ്യമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
സംസ്ഥാന സർക്കാർ തൊഴിലും കൂലിയും സാമൂഹിക സുരക്ഷയും ഉറപ്പുവരുത്തുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എ.ഐ.ടി.യു.സി നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളെ വിശ്വാസത്തിലെടുത്തു മാത്രമേ ഇടതുമുന്നണിക്ക് മുന്നോട്ടുപോവാൻ കഴിയൂ. അവരുടെ തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനും വേതനം കൃത്യമായി ലഭ്യമാക്കാനും കഴിയണം. കേന്ദ്ര സർക്കാർ സാമ്പത്തിക ഉപരോധം സൃഷ്ടിച്ച് കേരളത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഭരണകാര്യങ്ങളിൽ മുൻഗണന പാലിക്കണമെന്ന് സംസ്ഥാന ജന. സെക്രട്ടറി കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു. നയപരമായ കാര്യങ്ങളിൽ വ്യതിയാനമുണ്ടായാൽ എ.ഐ.ടി.യു.സി ചെറുക്കുമെന്നും വിവിധ മേഖലകളിലെ തൊഴിലാളികളുടെ ശമ്പളം കുടിശ്ശികയില്ലാതെ കൃത്യമായി നൽകണമെന്നും വർഷങ്ങളായി തൊഴിൽ ചെയ്യുന്ന താൽക്കാലിക കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും രാജേന്ദ്രൻ ആവശ്യപ്പെട്ടു.
എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ജലോസ് അധ്യക്ഷനായി. എം.എൽ.എ മാരായ വാഴൂർ സോമൻ, പി.എസ്. സുപാൽ, ഇ.ടി. ടൈസൺ, സി.കെ. ആശ, വി.ആർ. സുനിൽകുമാർ, വി.ശശി, എ.ഐ.ടി.യു.സി ദേശീയ സെക്രട്ടറി ആർ. പ്രസാദ്, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ, കേരള മഹിള സംഘം സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജിമോൾ, ജോയന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, എ.ഐ.ടി.യു.സി തിരുവനന്തപുരം ജില്ല സെക്രട്ടറി മീനാങ്കൽ കുമാർ, പ്രസിഡന്റ് സോളമൻ വെട്ടുകാട് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.