തിരുവനന്തപുരം: വിശ്വാസികളാണ് സി.പി.എമ്മിന്‍റെ ഏറ്റവും വലിയ കരുത്തെന്നും വർഗീയതക്കെതിരായ പോരാട്ടത്തിൽ മുൻപന്തിയിലെ പോരാളികൾ അവരാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സി.പി.എം എല്ലാകാലത്തും മലപ്പുറത്തിനൊപ്പമാണ്. ഇനിയും അങ്ങനെ തുടരും. കുറച്ചുനാൾ കഴിയുമ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തികേന്ദ്രമായി മലപ്പുറം മാറുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
“വിശ്വാസികളാണ് സി.പി.എമ്മിന്‍റെ ഏറ്റവും വലിയ കരുത്ത്. സി.പി.എം വിശ്വാസികളല്ല, ദൈവവിശ്വാസികൾ. ആ വിശ്വാസികളാണ് വർഗീയതക്കെതിരായ പോരാട്ടത്തിൽ മുൻപന്തിയിലെ പോരാളികൾ. മലപ്പുറത്തിന്‍റെ പേരുപയോഗിച്ച് ആവശ്യമില്ലാതെ ഏതെങ്കിലും പദപ്രയോഗം ആരെങ്കിലും പറഞ്ഞുണ്ടാക്കിയാൽ ഇവിടെ വിലപ്പോകില്ല. സി.പി.എം എല്ലാകാലത്തും മലപ്പുറത്തിനൊപ്പം തന്നെയാണെന്ന് ഇവിടെ എല്ലാവർക്കുമറിയാം. മലപ്പുറത്തിനു വേണ്ടിയാണ് നിന്നത്. ഇനിയും അങ്ങനെതന്നെയാണ്. കുറച്ചുനാൾ കഴിയുമ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തികേന്ദ്രമായി മലപ്പുറം മാറും” -എം.വി. ഗോവിന്ദൻ പറഞ്ഞു.
അതോസമയം സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ രംഗത്തുവന്നു. പിണറായിസമെന്നാൽ മാർക്സിസ്റ്റ് ഗുണ്ടായിസമാണ്. പിണറായി വിജയനെ കാണുമ്പോൾ വാടിക്കൽ രാമകൃഷ്ണനെയാണ് ഓർമ വരുന്നത്. മാർക്സിസ്റ്റ് ഗുണ്ടായിസത്തെ പിണറായിസം എന്നു പറഞ്ഞ് ഒരു ‘ഇസ’മാക്കി മാറ്റിയിരിക്കുന്നു. പിണറായി വിജയനെ വളർത്താനുള്ള ശ്രമം ബി.ജെ.പി അനുവദിക്കില്ല -എന്നിങ്ങനെയായിരുന്നു ജോർജ് കുര്യന്‍റെ പരാമർശം. ദേശീയപാതയുടെ ക്രെഡിറ്റ് ആർക്കെന്ന് പണി പൂർത്തിയാകുമ്പോൾ വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.