ന്യൂഡൽഹി: മൂന്നു പേരുകളിൽ തുടരുന്ന കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിന് പരിഹാരമാകും മുമ്പ് കെ.പി.സി.സി അധ്യക്ഷ പദവിക്കായി കോൺഗ്രസിൽ അടുത്ത തർക്കം. സണ്ണി ജോസഫ് മന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ്, അതുവഴി ഒഴിവുവരുന്ന കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം കണ്ട് മൂന്ന് എം.പിമാർ കരുക്കൾ നീക്കുന്നത്.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് തങ്ങളെ പിന്തുണക്കുമെന്ന പ്രതീക്ഷയിൽ മൂവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണക്കുന്നുമുണ്ട്.മുതിർന്ന നേതാവ് ബെന്നി ബെഹനാൻ, ലോക്സഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി എന്നിവരാണ് രംഗത്തുള്ളത്.
ഇതിൽ ബെന്നി ബെഹനാന് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നു. ഇതിനിടയിലാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയ കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.പി.സി.സിക്ക് ദലിത് പ്രസിഡന്റ് വേണമെന്ന വാദമുന്നയിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 14 പട്ടികജാതി സീറ്റുകളിൽ ഒമ്പതും കോൺഗ്രസ് നേടിയ സാഹചര്യത്തിൽ പട്ടികജാതിക്കാരനായ തന്നെ പ്രസിഡന്റാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് ഖാർഗെയോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ തവണ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം അവസാന നിമിഷം കിട്ടാതെ പോയ ആളാണ് താനെന്ന നിലക്കാണ് മുതിർന്ന നേതാവ് ബെന്നി ബെഹനാൻ അവകാശവാദമുന്നയിക്കുന്നത്. ബെന്നി പ്രസിഡന്റാകുമെന്ന് കരുതിയിരുന്നപ്പോഴാണ് കെ.സി. വേണുഗോപാൽ താൽപര്യമെടുത്ത് സണ്ണി ജോസഫിനെ കൊണ്ടുവരുന്നത്.
തന്റെ മുഖ്യമന്ത്രിപദമോഹം സഫലമാക്കുന്നതിനുള്ള കെ.സിയുടെ നീക്കം കൂടിയായിരുന്നു അത്. ഇരുവർക്കും പുറമെ സണ്ണി ജോസഫിനുപകരം അതേസമുദായത്തിൽനിന്ന് പ്രസിഡന്റ് വരുമെന്ന നിലക്കാണ് ആന്റോ ആന്റണിയും നീക്കം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.