ബെക്സ് കൃഷ്ണയും ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയും കണ്ടുമുട്ടിയപ്പോൾ 

തൂക്കുകയറിൽനിന്ന് രക്ഷിച്ച യൂസുഫലിക്ക്​ നന്ദിപറയാൻ ബെക്സ് കൃഷ്ണയെത്തി; വാക്കുകൾ മുഴുമിപ്പിക്കും മുമ്പ് കെട്ടിപ്പിടിച്ച് യൂസുഫലി

കൊച്ചി: തൂക്കുകയറിൽനിന്ന് ജീവിതത്തിലേക്ക് എത്തിച്ച മനുഷ്യനെ ആദ്യമായി നേരിൽക്കണ്ട്​ നന്ദിപറഞ്ഞ് ബെക്സ് കൃഷ്ണ. ബെക്സ് നന്ദി പറഞ്ഞപ്പോൾ കണ്ണുനിറഞ്ഞ് ലുലു ​ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി.

 2012ൽ അബൂദബിയിൽ നടന്ന കാറപകടത്തിൽ സുഡാൻ വംശജനായ കുട്ടി മരിച്ച കേസിൽ കാർ ഡ്രൈവറായ തൃശൂർ പുത്തൻചിറ ബെക്സ്‌ കൃഷ്ണയെ യു.എ.ഇ സുപ്രീംകോടതി വധശിക്ഷക്ക്​ വിധിച്ചിരുന്നു. യൂസുഫലിയുടെ നിരന്തര പരിശ്രമത്തിനൊടുവിൽ മരിച്ച കൂട്ടിയുടെ കുടുംബത്തിന് ഒരുകോടിയോളം രൂപ നൽകിയാണ് വധശിക്ഷയിൽനിന്ന് രക്ഷിച്ചത്.

ബെക്സ് കൃഷ്ണയും കുടുംബവും ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയെ കണാനെത്തിയപ്പോൾ 

തുടർന്ന്​ ബെക്സിനെ നാട്ടിൽ എത്തിക്കുന്നതുവരെ യൂസുഫലിയുടെ ഇടപെടലുണ്ടായി. തനിക്ക് രണ്ടാമത് ജീവിതം സമ്മാനിച്ച യൂസുഫലിയെ നേരിട്ട് കാണണമെന്ന ബെസ്കിന്റെ ആ​ഗ്രഹമാണ് നിറവേറിയത്. കേരള വിഷൻ 15ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എത്തിയപ്പോഴാണ്​ സംഗമത്തിന്​​ വേദിയായത്​.

കുടുംബത്തോടൊപ്പം എത്തിയ ബെക്സ് കൃഷ്​ണ സംഭാഷണമധ്യേ യൂസുഫലിയെ നോക്കി 'എന്നെ ദൈവത്തെ പോലെ വന്ന് രക്ഷപ്പെടുത്തി'... എന്നുപറഞ്ഞ്​ മുഴുമിപ്പിക്കും മുമ്പ് ബെക്സിനെ കെട്ടിപ്പിടിച്ച് യൂസുഫലി ഇടപെട്ടു. ഒരിക്കലും അങ്ങനെ പറയരുത് താൻ ദൈവം നിയോഗിച്ച ഒരു ദൂതൻ മാത്രമാണെന്നായിരുന്നു യൂസുഫലിയുടെ വാക്കുകൾ. ജാതിയും മതവും ഒന്നുമല്ല മനുഷ്യസ്നേഹമാണ് ഏറ്റവും വലുത് താൻ അതിലെ ഒരു നിമിത്തം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ബെക്സ് കൃഷ്ണയുടെ ഭാര്യ വീണ, മകൻ അദ്വൈത്, ഇളയ മകളായ ഈശ്വര്യ എന്നിവരും യൂസുഫലിയെ കാണാനെത്തിയിരുന്നു.

2012 സെപ്റ്റംബർ ഏഴിനായിരുന്നു ബെക്സിന്റെ ജീവിതം മാറ്റിമറിച്ച അപകടം നടന്നത്. സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ, കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013-ൽ ബെക്സിനെ വധശിക്ഷയ്ക്ക് വിധിച്ചത്.  തകർന്നുപോയ കുടുംബം, ബന്ധു മുഖേന എം.എ. യൂസുഫലിയെ ബന്ധപ്പെട്ട് മോചനത്തിനായി ഇടപെടണമെന്ന് അപേക്ഷിക്കുകയായിരുന്നു.


കൊച്ചി സിയാൽ കൺവെൻഷൻ സെന്‍ററിൽ, സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന പാവപ്പെട്ട കുടുംബങ്ങളിലെ ശിശുക്കൾക്ക് കേരള വിഷൻ നേതൃത്വത്തിൽ നൽകുന്ന 'എന്റെ കൺമണിക്ക് ഒരു ഫസ്റ്റ് ഗിഫ്റ്റ്​' കാരുണ്യ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ഈ സമാഗമം. പരിപാടിയുടെ ഉദ്​ഘാടനവും ലോ​ഗോ പ്രകാശനവും എം.എ. യൂസുഫലി നിർവഹിച്ചു. കേരള വിഷൻ എം.ഡി രാജ്മോഹൻ മാമ്പ്രയും ചടങ്ങിൽ സംബന്ധിച്ചു.

Tags:    
News Summary - Becks Krishnan came to thank MA Yusuffali for saving his life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.