തുഷാർ വെള്ളാപ്പള്ളി, പി.സി. ജോർജ് 

'പി.സി. ജോർജ് അങ്ങനെ പറയരുതായിരുന്നു'; ബി.ജെ.പി നേതൃത്വത്തെ പരാതി അറിയിക്കാൻ ബി.ഡി.ജെ.എസ്

ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പി.സി. ജോർജ് നടത്തിയ പരാമർശങ്ങളിൽ കടുത്ത അതൃപ്തിയുമായി ബി.ഡി.ജെ.എസ്. പത്തനംതിട്ട സീറ്റ് ലഭിക്കാത്തതിനെ സംബന്ധിച്ച് തുഷാർ വെള്ളാപ്പള്ളിക്കും വെള്ളാപ്പള്ളി നടേശനും എതിരെ പി.സി. ജോർജ് നടത്തിയ പരാമർശങ്ങളാണ് ബി.ഡി.ജെ.എസിനെ ചൊടിപ്പിച്ചത്. ഡൽഹിയിലുള്ള ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബി.ജെ.പി ദേശീയ നേതൃത്വവുമായി ചർച്ച നടത്തുമ്പോൾ ഇക്കാര്യം അറിയിക്കും.

ലോക്സഭ തെരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നൽകാതിരിക്കാൻ ഇടപെട്ടത് തുഷാർ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനുമാണെന്നായിരുന്നു പി.സി.ജോർജിന്‍റെ പ്രതികരണം. ഇവരോട് ദൈവം ചോദിക്കും. ബി.ജെ.പി നടത്തിയ സർവേയിൽ 95 ശതമാനം പേരും താൻ സ്ഥാനാർഥിയാകണമെന്നാണ് പറഞ്ഞത്. അനിൽ ആന്റണിയെ മണ്ഡലത്തിലെ ജനങ്ങൾക്ക് അറിയില്ല. ആന്റണിയുടെ മകൻ എന്ന് പറഞ്ഞാൽ മാത്രമേ അറിയൂമെന്നും പി.സി. ജോർജ് പറഞ്ഞിരുന്നു.

പി.സി. ജോർജ് പ്രതീക്ഷയർപ്പിച്ചിരുന്ന പത്തനംതിട്ട സീറ്റിൽ അനിൽ ആന്‍റണിയെ മത്സരിപ്പിക്കാനാണ് ബി.ജെ.പി ദേശീയ നേതൃത്വം തീരുമാനിച്ചത്. ഇതിൽ തനിക്കുള്ള നീരസം പി.സി. ജോർജ് പ്രകടിപ്പിച്ചിരുന്നു. 

കേരളത്തിലേത് അടക്കം ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടികയാണ് ബി.ജെ.പി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ആദ്യ പട്ടികയിൽ കേരളത്തിൽ നിന്ന് മത്സരിക്കുന്ന 12 സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖർ, ആറ്റിങ്ങൽ - വി. മുരളീധരൻ, പത്തനംതിട്ട - അനിൽ കെ. ആന്‍റണി, ആലപ്പുഴ - ശോഭ സുരേന്ദ്രൻ, തൃശ്ശൂർ - സുരേഷ് ഗോപി, പാലക്കാട് - സി. കൃഷ്ണകുമാർ, മലപ്പുറം - ഡോ. അബ്ദുൽ സലാം, പൊന്നാനി- നിവേദിത സുബ്രഹ്മണ്യൻ, കോഴിക്കോട് - എം.ടി. രമേശ്, വടകര - പ്രഫുൽ കൃഷ്ണൻ, കണ്ണൂർ - സി. രഘുനാഥ്, കാസർകോട് - എം.എൽ. അശ്വിനി എന്നിവരാണ് സ്ഥാനാർഥികൾ. 

Tags:    
News Summary - BDJS to complain to BJP leadership against PC George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.