തിരുവനന്തപുരം: നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾക്കൊടുവിൽ ബി.ബി. ഗോപകുമാർ എം.എൽ.എയെ എൻ.ഡി.എ നിയമസഭാകക്ഷി നേതാവാക്കി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിയമസഭയിൽ മൂന്ന് അംഗങ്ങളുള്ള ബി.ജെ.പിയുടെ നിയമസഭാകക്ഷി നേതാവാകാൻ എം.എൽ.എമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും തമ്മിൽ മൽസരമുണ്ടായിരുന്നു.
പാർട്ടിയിലെ മുതിർന്നയാൾ എന്ന നിലക്ക് മുരളീധരനെ കക്ഷി നേതാവാക്കണമെന്ന് ഒരു വിഭാഗം വാദിച്ചപ്പോൾ സംസ്ഥാന അധ്യക്ഷനായ രാജീവ് നിയമസഭയിലും പാർട്ടിയെ നയിക്കണമെന്ന ആവശ്യവും ഉയർന്നു. ഇതുമൂലം കക്ഷി നേതാവിനെ പ്രഖ്യാപിക്കുന്നത് നീണ്ടുപോകുകയായിരുന്നു. കക്ഷിനേതാവിനെ തെരഞ്ഞെടുക്കാത്തതിനെ തുടർന്ന് എം.എൽ.എമാരുടെ സത്യപ്രതിജ്ഞ, സ്പീക്കർ തെരഞ്ഞെടുപ്പ് എന്നിവയിൽ പ്രതിപക്ഷ നേതാക്കളുടെ ഇരിപ്പിടത്തിൽ രാജീവാണ് ബി.ജെ.പിയെ പ്രതിനിധീകരിച്ചത്.
വെള്ളിയാഴ്ച ഗവർണർ നിയമസഭയെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ചാത്തന്നൂർ എം.എൽ.എയായ ബി.ബി ഗോപകുമാർ നിയമസഭാകക്ഷി നേതാവായി ചുമതലയേറ്റത്. വർഷങ്ങൾക്ക് മുമ്പ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ഗോപകുമാര്‍ പാര്‍ട്ടിയുടെ മേഖലാ പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം ചാത്തന്നൂര്‍ യൂനിയന്‍ പ്രസിഡന്റുമാണ്. ചാത്തന്നൂര്‍ എസ്.എന്‍ ട്രസ്റ്റ് സ്കൂള്‍ മുന്‍ പ്രധാനാധ്യാപകനുമാണ്. സ്പീക്കർ തെരഞ്ഞെടുപ്പിലും അദ്ദേഹം മൽസരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.