സംഘ്പരിവാർ പ്രസിദ്ധീകരണമായ ‘ജന്മഭൂമി’യിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ആരുടെയും പേര് വെക്കാതെ ‘ബി.എം.എസ് സംസ്ഥാന സമിതി’ എന്ന പേരിലാണ് ലേഖനം
തിരുവനന്തപുരം: ആദായനികുതിയിലെ ഇളവ് പ്രഖ്യാപനം സംഘ്പരിവാർ സംഘടനകൾ ആഘോഷമാക്കുന്നതിനിടെ, ബജറ്റിനെതിരെ തുറന്നടിച്ച് ബി.എം.എസ്. തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിച്ചതും ഇൻഷുറൻസ് മേഖലയിൽ വിദേശ നിക്ഷേപത്തിന് പരവതാനി വിരിച്ചതുമാണ് അപ്രതീക്ഷിത പ്രതിഷേധത്തിന് കാരണം.
സംഘ്പരിവാർ പ്രസിദ്ധീകരണമായ ‘ജന്മഭൂമി’യിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ആരുടെയും പേര് വെക്കാതെ ‘ബി.എം.എസ് സംസ്ഥാന സമിതി’ എന്ന പേരിലാണ് ലേഖനം.
68 ലക്ഷം വരുന്ന ഇ.പി.എഫ് പെൻഷൻകാരുടെ വേദന ധനമന്ത്രി കണ്ടതായി ഭാവിച്ചില്ലെന്നാണ് പ്രധാന വിമർശനം. ‘‘ഇ.പി.എഫ് പെൻഷൻ അടക്കമുള്ള കാര്യങ്ങളിൽ ബജറ്റിൽ തൊഴിലാളി താൽപര്യം സംരക്ഷിക്കപ്പെട്ടില്ല. സാധാരണക്കാരുടെ ജീവിത നിലവാരമുയർത്തി മാർക്കറ്റിലേക്ക് പണമെത്തിക്കും വിധമുള്ള ത്വരിതഗതി സമ്പദ്ഘടനയുടെ ലക്ഷ്യമാണെന്ന് പറയുമ്പോഴും അടിസ്ഥാന വിഭാഗങ്ങളിൽ നല്ലൊരു വിഭാഗത്തെ ബജറ്റ് വിസ്മരിച്ചെന്നും പറയേണ്ടിവരുന്നു.
അതിൽ പ്രധാനം ഇ.പി.എഫ് പെൻഷൻകാരാണ്. നാമമാത്രമായ നിലവിലെ 1000 രൂപ, 3000 രൂപയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യം ബജറ്റിൽ പരിഗണിക്കാത്തതിനാൽ ബി.എം.എസിന് ശക്തമായ പ്രതിഷേധമുണ്ട്.
ഇൻഷുറൻസ് രംഗത്ത് കൊണ്ടുവരാൻ പോകുന്ന 100 ശതമാനം വിദേശനിക്ഷേപത്തോടും വിയോജിക്കുന്നു. ഏതെങ്കിലും മേഖല വിറ്റുതുലയ്ക്കുന്ന ‘അസറ്റ് ഡിമോണിറ്റൈസേഷന്’ ബി.എം.എസിന്റെ പിന്തുണ ഉണ്ടാകില്ലെ’’ന്നും ലേഖനം മുന്നറിയിപ്പ് നൽകുന്നു. ഇൻഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം സംബന്ധിച്ച് പ്രതിപക്ഷ സംഘടനകൾ സംശയമുന്നയിക്കുമ്പോഴാണ് ബി.എം.എസ് വിയോജിപ്പ് രേഖപ്പെടുത്തിയത്. ഇതിന് കൃത്യമായ ന്യായവും സംഘടനക്കുണ്ട്.
അടുത്ത അഞ്ചു വർഷം കൊണ്ട് 10 ലക്ഷം കോടിയുടെ വിറ്റഴിക്കലാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഉപയോഗയോഗ്യമല്ലാത്ത സ്ഥാവര -ജംഗമ ആസ്തികൾ വിറ്റ് കാശാക്കുകയാണ് ഉദ്ദേശ്യം. ഇവ രണ്ടും തമ്മിൽ ബന്ധമുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആസ്തിയാണ് ഇൻഷുറൻസ് മേഖല. വിദേശ നിക്ഷേപം വരുന്നതോടെ, ഇന്ത്യൻ ഇൻഷുറൻസ് മേഖല അസ്ഥിരമാകും. ഇതോടെ, ഉപയോഗയോഗ്യമല്ലെന്ന് വിധിയെഴുതി വിറ്റഴിക്കാനാകും സർക്കാർ ശ്രമിക്കുക. ഇതിനാലാണ് എതിർപ്പുന്നയിക്കുന്നത്.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.