ബാര്‍കോഴ: രണ്ട് പ്രോസിക്യൂട്ടര്‍മാര്‍, രണ്ട് സത്യവാങ്മൂലം

കൊച്ചി: മുന്‍ മന്ത്രി കെ.എം. മാണി പ്രതിയായ ബാര്‍ കോഴക്കേസില്‍ ഒരാഴ്ചക്കിടെ രണ്ട് സത്യവാങ്മൂലം സമര്‍പ്പിച്ച അന്വേഷണ ഉദ്യോഗസ്ഥന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം. ആദ്യം സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ മുഖേനയെന്ന പേരിലും പിന്നീട് സര്‍ക്കാര്‍ അഭിഭാഷകന്‍ (പബ്ളിക് പ്രോസിക്യൂട്ടര്‍) മുഖേനയും സത്യവാങ്മൂലം സമര്‍പ്പിച്ചതാണ് കോടതിയുടെ അതൃപ്തിക്ക് ഇടയാക്കിയത്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് തിരുവനന്തപുരം യൂനിറ്റിലെ ഇന്‍സ്പെക്ടര്‍ പി.ആര്‍. സരീഷ് മാര്‍ച്ച് 27ന് നേരിട്ട് ഹാജരാകണമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ടെങ്കില്‍ നിയമാനുസൃതമാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറാണെന്ന് സൂചനപോലും നല്‍കാതെ മാര്‍ച്ച് ഒന്നിന് ഒരു അഭിഭാഷകന്‍ മുഖേനയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ആദ്യ സത്യവാങ്മൂലം നല്‍കിയതെന്ന് കോടതി ഉത്തരവില്‍ പറയുന്നു. മാര്‍ച്ച് ആറിനാണ് പബ്ളിക് പ്രോസിക്യൂട്ടര്‍ മുഖേന നല്‍കിയത്. താന്‍ കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടറാണെന്ന് ആദ്യം സത്യവാങ്മൂലം നല്‍കിയ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഹൈകോടതിയുടെകൂടി അനുമതിയോടെ വേണം സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കാനെന്ന വ്യവസ്ഥ മാണിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, കിളിരൂര്‍ കേസിലുള്‍പ്പെടെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഹൈകോടതിയില്‍ ഹാജരായിട്ടുണ്ടെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വാദിച്ചു. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഹാജരാകുന്നതിന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്‍െറ അനുമതിയുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് വിചാരണ കോടതിയില്‍ വാദം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍െറ മറുപടി.

സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ഉണ്ടായാലും ഇല്ളെങ്കിലും ഒരേ വിഷയത്തില്‍ രണ്ടുതവണ സത്യവാങ്മൂലം നല്‍കാനിടയാക്കിയതെന്താണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. രണ്ടുപേര്‍ മുഖേന രണ്ട് സത്യവാങ്മൂലം നല്‍കാനുള്ള സാഹചര്യം, ആരുടെ നിര്‍ദേശപ്രകാരം എന്നീ കാര്യങ്ങള്‍ നേരിട്ടത്തെി ബോധ്യപ്പെടുത്തണം. ഒരു വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ രണ്ട് സത്യവാങ്മൂലം നല്‍കുന്നതുപോലുള്ള കളികള്‍ അനുവദിക്കാനാവില്ല. മാര്‍ച്ച് ഒന്നിന് സത്യവാങ്മൂലം ഒപ്പിട്ടു നല്‍കിയശേഷം ആറിന് വീണ്ടും ഒപ്പിടുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഇക്കാര്യം പബ്ളിക് പ്രോസിക്യൂട്ടറെ അറിയിക്കണമായിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാറിന്‍െറ ഉറച്ച നിലപാട് വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തെ ചോദ്യം ചെയ്ത് മാണി നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കേസ് മാര്‍ച്ച് 27ന് പരിഗണിക്കാന്‍ മാറ്റി.

 

 

Tags:    
News Summary - Bar scam case in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.