പന്തളം: ബാങ്ക് ഉദ്യോഗസ്ഥരുടെ അവസരോചിത ഇടപെടലിൽ വീട്ടമ്മ സൈബർ തട്ടിപ്പിൽനിന്ന് രക്ഷപ്പെട്ടു. ഇരട്ടി പണം കിട്ടുമെന്ന് പറഞ്ഞത് വിശ്വസിച്ച് അക്കൗണ്ടിലെ 16 ലക്ഷം രൂപ തട്ടിപ്പുസംഘത്തിന് കൈമാറാനെത്തിയ വീട്ടമ്മയെയാണ് പന്തളത്തെ ഫെഡറൽ ബാങ്ക് ജീവനക്കാർ രക്ഷിച്ചത്.
ഒരു അക്കൗണ്ടിലേക്ക് അത്യാവശ്യമായി 16 ലക്ഷം രൂപ ട്രാൻസ്‌ഫർ ചെയ്യണമെന്നാവശ്യപ്പെട്ടാണ് വീട്ടമ്മ ബാങ്ക് ജീവനക്കാരെ സമീപിച്ചത്. സംശയം തോന്നിയ ജീവനക്കാർ എവിടേക്ക് എന്താവശ്യത്തിനാണ് പണം കൈമാറുന്നത് തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നിക്ഷേപത്തിന് വേണ്ടിയാണെന്നായിരുന്നു മറുപടി. ഇൻവെസ്റ്റ്മെന്‍റ് പ്ലാറ്റ്ഫോമിന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞ ജീവനക്കാർ ഇവരുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി പണം ആവശ്യപ്പെട്ടവരുമായി ബന്ധപ്പെട്ടു. എന്നാൽ, കാര്യങ്ങൾ ഗുണഭോക്താവിനോട് മാത്രമേ വെളിപ്പെടുത്തുകയുള്ളൂ എന്നായിരുന്നു മറുപടി.
അതിനിടെ, പണം എത്രയുംവേഗം അയക്കണമെന്ന നിലപാടിൽ വീട്ടമ്മ ഉറച്ചുനിന്നു. തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ബാങ്ക് ജീവനക്കാർ പത്തനംതിട്ട സൈബർ ക്രൈം ഓഫിസിൽ അറിയിച്ചു. സൈബർ ക്രൈം ഉദ്യോഗസ്ഥർ വിശദീകരിച്ചിട്ടും തട്ടിപ്പാണെന്ന് വീട്ടമ്മ വിശ്വസിച്ചില്ല. പണം അയക്കാൻ വിസമ്മതിച്ച ബാങ്ക് ജീവനക്കാരോട് പിണങ്ങി അവർ മടങ്ങി. മറ്റൊരു ബാങ്കിൽനിന്ന് നേരത്തേ പണം അയച്ചിരുന്ന വേറൊരു വീട്ടമ്മക്ക് നിക്ഷേപം നഷ്ടമായ സംഭവം അറിഞ്ഞതോടെയാണ് ഇവർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടത്.
തുടർന്ന് അവർ വീണ്ടും ബ്രാഞ്ചിലെത്തി ജീവനക്കാർക്ക് നന്ദി അറിയിച്ചു. ഫെഡറൽ ബാങ്ക് പന്തളം ശാഖ മാനേജർ അൽഫോൻസ് ടോം തോമസ്, ജീവനക്കാരായ അഖില റോയ്, ഗോകുൽ ജി. പിള്ള, അനൂപ് എസ്. കുമാർ എന്നിവരുടെ ജാഗ്രതയാണ് ഇവർക്ക് തുണയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.