പ്രതി മധ ജയകുമാറിനെ വടകരയിലെ ജില്ല ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ചപ്പോൾ
ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ തട്ടിപ്പ്: മുൻ മാനേജർ റിമാൻഡിൽ
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിൽനിന്ന് സ്വർണം കടത്തിയ കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മുൻ മാനേജർ റിമാൻഡിൽ. ബുധനാഴ്ച പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. പണയ സ്വർണത്തിന് മുക്കുപണ്ടം പകരംവെച്ച് 26.24 കിലോയിലധികം തട്ടിയ കേസിലെ പ്രതി ബാങ്ക് മുൻ മാനേജർ തമിഴ്നാട് മേട്ടുപ്പാളയം പാത്തി സ്ട്രീറ്റിൽ മധ ജയകുമാറിനെ (42) കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി വടകര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. വടകര ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ അഭാവത്തിലാണ് കൊയിലാണ്ടിയിൽ ഹാജരാക്കിയത്.
പ്രതിയെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂവെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കി. 17,20,35,717 രൂപ വില വരുന്ന സ്വർണമാണ് ബാങ്കിൽനിന്ന് നഷ്ടമായത്. കർണാടക -തെലങ്കാന അതിർത്തി പ്രദേശമായ ബിദർ ജില്ലയിലെ കുന്നാറിൽനിന്ന് കർണാടക പൊലീസാണ് പ്രതിയെ പിടികൂടി ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയത്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സിം കാർഡ് എടുക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ പ്രതിയെ തിരിച്ചറിഞ്ഞ കടയുടമ പൊലീസിന് വിവരം നൽകുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി.
വ്യാജ സ്വർണം കസ്റ്റഡിയിലെടുത്തു
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്കിൽ പൊലീസ് പരിശോധന നടത്തി വ്യാജ സ്വർണം കസ്റ്റഡിയിലെടുത്തു. അന്വേഷണ സംഘത്തിലെ വടകര സി.ഐ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് വ്യാജ സ്വർണം കസ്റ്റഡിയിലെടുത്തത്.
ബാങ്കിൽനിന്ന് നഷ്ടപ്പെട്ട സ്വർണം ചാത്തങ്കണ്ടത്തിൽ ഫിനാൻസിന്റേതാണ്. സ്വർണം നഷ്ടപ്പെട്ടത് സംബന്ധിച്ച് ജില്ല പൊലീസ് മേധാവിക്ക് ഇവർ പരാതി നൽകി. സ്വർണ പണയത്തിൽ 40 കോടിയോളം രൂപ സ്വകാര്യ ധനകാര്യ സ്ഥാപനം വായ്പയെടുത്തിട്ടുണ്ട്. പൊലീസ് പരിശോധനക്കിടെ ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.