തൃശൂർ: തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളി ബാലമുരുകൻ വിയ്യൂരിൽനിന്ന് സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളഞ്ഞതായി സൂചന. പ്രതി രക്ഷപ്പെട്ട വിയ്യൂർ മണലാർകാവിൽനിന്ന് സ്കൂട്ടർ മോഷണം പോയതായി പൊലീസിന് ലഭിച്ച പരാതിയെ തുടർന്നാണ് ബാലമുരുകൻ സ്കൂട്ടറിൽ കടന്നു കളഞ്ഞതായി പൊലീസ് സംശയിക്കുന്നത്.
മോഷണ പരാതിയിൽ ഈ സാധ്യതകൂടി പരിഗണിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം, ബാലമുരുകനെ കേരളത്തിലെത്തിച്ച തമിഴ്നാട് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര സുരക്ഷാവീഴ്ച വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആലത്തൂരിലെ ഹോട്ടലിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തായത്. കൈവിലങ്ങ് അണിയിക്കാതെ, ഒരു സുരക്ഷാ മുൻകരുതലുമില്ലാതെ പൊലീസ് ബാലമുരുകനെ ഹോട്ടലിലേക്ക് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
ബാലമുരുകൻ ധരിച്ച വസ്ത്രത്തെക്കുറിച്ച് തമിഴ്നാട് പൊലീസ് നൽകിയ വിവരവും തെറ്റാണെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ തെളിയിക്കുന്നു. കറുത്ത ഷർട്ടും വെള്ള മുണ്ടുമായിരുന്നു വേഷം എന്നായിരുന്നു കേരള പൊലീസിന് ലഭിച്ച വിവരം. എന്നാൽ, ഇളം നീലയും കറുപ്പും കലർന്ന ചെക്ക് ഷർട്ടാണ് ബാലമുരുകൻ ധരിച്ചിരിക്കുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. കൊലപാതകം ഉൾപ്പെടെ 55ലധികം കേസുകളിൽ പ്രതിയായ ഒരാളെ സ്വകാര്യ വാഹനത്തിൽ വിയ്യൂരിലെത്തിച്ചതും ഗുരുതര വീഴ്ചയാണ്.
വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്തുനിന്നാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. തമിഴ്നാട്ടിലെ വിരുതനഗർ കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടുവരുമ്പോൾ ജയിലിനു മുന്നിൽ വെള്ളം വാങ്ങാൻ നിർത്തിയപ്പോൾ കാറിൽനിന്നിറങ്ങി ഓടുകയായിരുന്നു. രണ്ടേമുക്കാലിനും മൂന്നരക്കും ഇടയിൽ ജയിൽവളപ്പിൽ ഒളിച്ച ഇയാൾ, ആദ്യം ഒരു ജയിൽ ജീവനക്കാരന്റെ സൈക്കിൾ മോഷ്ടിച്ചാണ് കടന്നുകളഞ്ഞത്. ഇതിനു പിന്നാലെയാണ് സ്കൂട്ടർ മോഷണം പോയതായുള്ള പരാതി വരുന്നത്.
തെങ്കാശി സ്വദേശിയായ ബാലമുരുകൻ (45) കഴിഞ്ഞ മേയിലും സമാനമായ രീതിയിൽ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടിരുന്നു.അന്നും മോഷ്ടിച്ച ബൈക്കിലായിരുന്നു ഇയാൾ കടന്നത്. തൃശൂർ നഗരത്തിലും ജില്ല അതിർത്തികളിലും പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.