ബജ് ലയുടെ എസ്.എസ്.എൽ.സി ഗ്രേഡ് കാർഡ്
മഞ്ചേരി: 'നേരം വെളുക്കുവോളം വേദന കൊണ്ട് പുളഞ്ഞ് ഒരിറക്ക് വെള്ളം പോലും ഇറക്കാനാവാതെ ഞങ്ങളുടെ പൊന്നു ഒറ്റക്ക് എഴുതിത്തീർത്ത പരീക്ഷകളാണിത്. റിസൾട്ട് കാണുമ്പോൾ ഞങ്ങൾക്ക് കണ്ണൂനീർ'.
എസ്.എസ്.എൽ.സി പരീക്ഷ എഴുതി ഫലം കാത്തിരിക്കാതെ അർബുദം ബാധിച്ച് അകാലത്തിൽ പൊലിഞ്ഞ തോട്ടുപൊയിൽ വടക്കാങ്ങര വീട്ടിൽ ബജ് ലയുടെ (15) ബന്ധു ഫേസ്ബുക്കിൽ കുറിച്ച വരികളാണിത്. വേദന മറന്ന് അവൾ എഴുതിയ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയെങ്കിലും ഫലം കാണാൻ അവൾ ഇന്ന് ഈ ലോകത്തില്ല. ആറ് വിഷയങ്ങളിൽ എ പ്ലസും ഒരു എയും മൂന്ന് ബി പ്ലസുമായി മികച്ച വിജയമാണ് ബജ് ല നേടി. ഫസ്റ്റ്, സെക്കൻഡ് ലാങ്വേജ്, ഹിന്ദി, ഫിസിക്സ്, ബയോളജി, ഐ.ടി എന്നീ വിഷയങ്ങളിലാണ് എ പ്ലസ് കരസ്ഥമാക്കിയത്. മാത്ത്സിൽ എ യും നേടി.
കഠിനമായ ശാരീരിക വേദനകളെപ്പോലും വകവെക്കാതെ പഠിച്ചു നേടിയ ഈ വിജയം അവളുടെ ആത്മവിശ്വാസത്തിൻറെയും നിശ്ചയദാർഢ്യത്തിൻറെയും അടയാളമാണ്. രോഗശയ്യയിലും തളരാത്ത മനസ്സുമായി അവൾ അക്ഷരങ്ങളെ കൂട്ടുപിടിച്ചു. ക്ഷീണം പഠനത്തെ ബാധിച്ചിരുന്നെങ്കിലും തന്‍റെ ഇച്ഛാശക്തിയിലൂടെ അത് മറികടന്നു. വേദനകൾക്കിടയിലും മറ്റാരുടെയും സഹായമില്ലാതെയാണ് അവൾ മുഴുവൻ പരീക്ഷയും എഴുതി തീർത്തത്. ഫലത്തിന് കാത്തുനിൽക്കാതെ കഴിഞ്ഞ ഏപ്രിൽ അഞ്ചിനാണ് ബജ് ല വിടവാങ്ങിയത്. വിജയത്തിളക്കത്തിലും അവളില്ലെന്ന സത്യം പ്രിയപ്പെട്ടവർക്ക് തീരാനോവായി മാറുന്നു. മഞ്ചേരി എച്ച്.എം.വൈ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയായിരുന്നു. വടക്കാങ്ങര അബൂബക്കർ സഖാഫി - റസിയ ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.