രാഹുൽ ഈശ്വർ
തിരുവനന്തപുരം: ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് അതിജീവിത വീണ്ടും പൊലീസിൽ പരാതി നൽകിയതിൽ രൂക്ഷമായ പ്രതികരണവുമായി രാഹുൽ ഈശ്വർ. വീണ്ടും തനിക്കെതിരെ വ്യാജ പരാതി നൽകിയിരിക്കുകയാണെന്നും ഒരു ജാമ്യ വ്യവസ്ഥയും ലംഘിച്ചിട്ടില്ലെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
നാട്ടിൽ നീതിയും സത്യവും ഇല്ലേ എന്ന് ചോദിച്ച രാഹുൽ, ആണിനെ കുടക്കാൻ എളുപ്പമാണെന്നും ഈ പുരുഷ വേട്ട അവസാനിപ്പിക്കണമെന്നാണ് പൊലീസിനോടും കോടതിയോടും പറയാനുള്ളതെന്നും പറഞ്ഞു.
"എനിക്കെതിരെ പൊലീസിൽ വീണ്ടും വ്യാജ പരാതി.. എന്തൊരു കഷ്ടമാണ് ഇത്. നമ്മുടെ നാട്ടിൽ സത്യവും നീതിയും ഇല്ലേ. സോഷ്യൽ ഓഡിറ്റ്, വിമർശനങ്ങളെ ഭയന്ന് ചിലർ നിയമത്തെ ആയുധവൽക്കരിച്ചു. എതിർ സ്വരങ്ങളെ നിശബ്ദമാക്കുന്ന ഈ പ്രവണത നല്ലതാണോ?., ആണിനെ കുടുക്കാൻ എന്ത് എളുപ്പമാണെന്നു ആലോചിച്ച് നോക്കൂ. ഈ പുരുഷ വേട്ട ഇല്ലാതാക്കണമെന്നാണ് പൊലീസ്, കോടതി, നിയമ സംവിധാനത്തോട് പറയാനുള്ളത്. ആരെയും വ്യാജ പരാതി കൊടുത്ത് കുടുക്കാം എന്നുള്ള അവസ്ഥ മാറണം. പുരുഷ കമീഷൻ വരണം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനു കോടതി വിലക്കില്ല. വിഡിയോ ചെയ്യുന്നതിനു കോടതി വിലക്കില്ല. ഒരു ജാമ്യ വ്യവസ്ഥയും ലംഘിച്ചിട്ടുമില്ല. എന്നെ ഇനിയും അറസ്റ്റ് ചെയ്യുമായിരിക്കാം. പക്ഷേ പുരുഷന്മാർക്ക് നീതി കിട്ടണം.. ജയ് ഗാന്ധി, ജയ് ഹിന്ദ്"-രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി രാഹുല്‍ ഈശ്വര്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നാണ് പരാതി. രാഹുൽ ഈശ്വർ സാമൂഹ മാധ്യമത്തിൽ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് അതിജീവിത പരാതി നല്‍കിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ഒന്നാമത്തെ ലൈംഗിക പീഡന കേസിലെ പരാതിക്കാരിയാണ് രാഹുല്‍ ഈശ്വറിന് എതിരെ പരാതി നല്‍കിയത്.
നേരത്തെ അതിജീവിതയെ അവഹേളിച്ച കേസിൽ അറസ്റ്റിലായി 16 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചിരുന്നത്. ജാമ്യത്തില്‍ ഇറങ്ങിയ രാഹുല്‍ ഈശ്വര്‍ അതിജീവിതയുടെ നേർക്ക് സൈബറാക്രമണത്തിന് വീണ്ടും സാഹചര്യം ഒരുക്കുന്ന നിലയില്‍ പ്രവര്‍ത്തിച്ചു എന്നാണ് പുതിയ പരാതി. അതിജീവിതയെ അവഹേളിക്കരുത് എന്ന വ്യവസ്ഥയിലുള്‍പ്പെടെ ആയിരുന്നു കോടതി രാഹുല്‍ ഈശ്വറിന് ജാമ്യം നല്‍കിയിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭര്‍ത്താവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വര്‍ അവഹേളിക്കുന്ന രീതിയിൽ പ്രതികരണം നടത്തിയിരുന്നു.
യുവതിയുടെ ഭര്‍ത്താവായിരുന്ന യുവാവാണ് യഥാര്‍ഥ ഇര എന്നായിരുന്നു രാഹുല്‍ ഈശ്വര്‍ ഫേസ് ബുക്കിലൂടെ രാഹുൽ ഈശ്വർ പ്രതികരിച്ചിരുന്നു. പോസ്റ്റില്‍ അതിജീവിതയെ വ്യാജ പരാതിക്കാരി എന്നാണ് രാഹുൽ ഈശ്വർ വിശേഷിപ്പിച്ചത്. ഇതുകൂടാതെ അധിക്ഷേപിക്കുന്ന രീതിയിൽ മറ്റ് പരാമർശങ്ങളും നടത്തി.
രാഹുൽ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. പ്രത്യേക അന്വേഷണസംഘം മേധാവിക്കാണ് അതിജീവിത പരാതി നൽകിയിരിക്കുന്നത്. അതിജീവിത നൽകിയ പരാതി തിരുവനന്തപുരം സിറ്റി സൈബർ പൊലീസിനാന് കൈമാറി. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.