കൊച്ചി: മലബാർ മേഖലയിലെ എട്ട് നഗരസഭകളിലെയും ഒരു പഞ്ചായത്തിലെയും വാർഡ് പുനർവിഭജനം ഹൈകോടതി റദ്ദാക്കി. പാനൂർ, മട്ടന്നൂർ, മുക്കം, പയ്യോളി, ഫറോക്ക്, കൊടുവള്ളി, ശ്രീകണ്ഠാപുരം, പട്ടാമ്പി നഗരസഭകളിലെയും കാസർകോട് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്തിലെയും വാർഡുകൾ വിഭജിച്ച് സീറ്റുകൾ വർധിപ്പിച്ചതാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് നിയമവിരുദ്ധമെന്ന് വിലയിരുത്തി റദ്ദാക്കിയത്.
2011ലെ ജനസംഖ്യ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ 2015ൽ വാർഡ് വിഭജിച്ചയിടങ്ങളിൽ വീണ്ടും അതേ സെൻസസ് ആധാരമാക്കിയുള്ള പുനർനിർണയം മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമങ്ങളിലെ വകുപ്പ് 6(2) ന്റെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.
വാർഡ് വിഭജനം അശാസ്ത്രീയമാണെന്ന് യു.ഡി.എഫ് പ്രവർത്തകർ നൽകിയ ഹരജികളിലാണ് നടപടി. അതിർത്തി പുനർനിർണയവും വാർഡുകളുടെ വർധനയും യഥാർഥ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ വേണമെന്നാണ് വ്യവസ്ഥയെന്നും പുതിയ സെൻസസ് അടുത്തവർഷം പൂർത്തിയാകുമെന്നിരിക്കേ, ഈ ഘട്ടത്തിലെ പുനർനിർണയം നിലനിൽക്കില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. 2015ൽ വാർഡ് വിഭജിച്ചതാണെന്നും ചൂണ്ടിക്കാട്ടി.
എന്നാൽ, ചില തദ്ദേശ സ്ഥാപനങ്ങളിൽ മാത്രം നഗരവത്കരണം കണക്കിലെടുത്താണ് 2015ൽ വിഭജനം നടത്തിയതെന്നും സർക്കാറിനും ഡീലിമിറ്റേഷൻ കമീഷനും സ്വതന്ത്രാധികാരമുണ്ടെന്നും സർക്കാർ വാദിച്ചു. എന്നാൽ, മുമ്പ് ഉപയോഗിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ രണ്ടാമതും വാർഡുകൾ പുനർനിർണയിക്കുന്നത് നിയമവ്യവസ്ഥക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി ഈ വാദം കോടതി തള്ളി.
തുടർന്ന് വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 10ന് ഇറക്കിയ വിജ്ഞാപനവും സെപ്റ്റംബർ 24ലെ ഡീലിമിറ്റേഷൻ കമീഷന്റെ മാർഗരേഖയും അസാധുവാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.