കിലെയിലെ പിന്‍വാതില്‍ നിയമനം യുവജനങ്ങളോടുള്ള വെല്ലുവിളി; ശിവന്‍കുട്ടിക്ക് മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ല -വി.ഡി സതീശൻ

തിരുവനന്തപുരം: വി. ശിവന്‍കുട്ടി കിലെ ചെയര്‍മാനായിരുന്നപ്പോഴും നിലവില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴും കിലെയില്‍ നടത്തിയ മുഴുവന്‍ നിയമനങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കിലെയില്‍ പിന്‍വാതില്‍ നിയമനം നേടിയ മുഴുവന്‍ പേരെയും അടിയന്തരമായി പിരിച്ചുവിടാനും സര്‍ക്കാര്‍ തയാറാകണം. വളഞ്ഞ വഴിയിലൂടെ ഇഷ്ടക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയ മന്ത്രി വി. ശിവന്‍കുട്ടി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിക്ക് ഒരു നിമിഷം സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. അല്‍പമെങ്കിലും രാഷ്ട്രീയ മര്യാദയും മാന്യതയും അവശേഷിക്കുന്നുണ്ടെങ്കില്‍ സ്വയം രാജിവച്ച് പുറത്ത് പോയി അന്വേഷണം നേരിടാന്‍ വി. ശിവന്‍കുട്ടി തയാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

മൂന്നരക്കോടി ജനങ്ങള്‍ക്ക് വേണ്ടിയല്ല പാര്‍ട്ടിക്കാര്‍ക്കും സ്വന്തക്കാര്‍ക്കും വേണ്ടിയുള്ള ഭരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്നത്. എല്ലാ വകുപ്പുകളിലും സ്ഥാപനങ്ങളിലും പിന്‍വാതില്‍ നിയമനങ്ങളാണ്. യോഗ്യതയുള്ളവരെ ഇരുട്ടില്‍ നിര്‍ത്തി സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ പിന്‍വാതിലിലൂടെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കളെയും സ്വന്തക്കാരെയും നിയമിക്കുന്നത് യുവജനങ്ങളോടും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്.

എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തണമെന്ന ധനവകുപ്പിന്റെ നിര്‍ദേശം മറികടാന്നാണ് ഡി.വൈ.എഫ്.ഐ വനിത നേതാവിന്റെ നിയമനം സ്ഥിരപ്പെടുത്താന്‍ മന്ത്രി വി. ശിവന്‍കുട്ടി ഇടപെട്ടത്. പബ്ലിസിറ്റി അസിസ്റ്റന്റ്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, പ്യൂണ്‍ തസ്തികകളില്‍ ഉള്‍പ്പെടെ കിലെയില്‍ 10 പേര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയത് സംബന്ധിച്ച് വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പാര്‍ട്ടിക്കാരെ കൂട്ടത്തോടെ നിയമിച്ചതോടെ കിലെയിലെ ശമ്പളച്ചെലവ് 39 ലക്ഷത്തില്‍ നിന്ന് 64 ലക്ഷമായി ഉയര്‍ന്നു. മുന്‍കൂര്‍ അനുവാദമില്ലാതെ കിലെയില്‍ നിയമനങ്ങള്‍ പാടില്ലെന്ന 2019 ആഗസ്റ്റ് 21ലെ മന്ത്രിസഭാ തീരുമാനത്തെ പോലും മറികടന്നാണ് ശിവന്‍കുട്ടി പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയത്. മന്ത്രിസഭ തീരുമാനം ഒരു മന്ത്രി തന്നെ അട്ടിമറിച്ച സാഹചര്യത്തില്‍ മറുപടി പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുമുണ്ടെന്ന് വി.ഡി സതീശൻ വ്യക്തമാക്കി.

Tags:    
News Summary - Backdoor recruitment in KILA challenges youth -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.