സ്കൂൾ വിപണി പ്രതീക്ഷിച്ച് പഠനോപകരണങ്ങൾ എത്തിച്ച കടകളിലൊന്ന്

ബാഗിനും കുടയ്ക്കും 20 ശതമാനത്തിലധികം വില കൂടി, പഠനോപകരണങ്ങൾക്ക് വിലയേറുന്നു; രക്ഷിതാക്കളുടെ ആധിയും

വെള്ളമുണ്ട: കോവിഡ് മഹാമാരി കവർന്ന മൂന്നുവർഷങ്ങൾക്കുശേഷം പൂർണതോതിൽ വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പൊള്ളുന്ന വിപണിയിൽ രണ്ടറ്റം മുട്ടിക്കാനാവാതെ രക്ഷിതാക്കൾ. ഒന്നിലധികം കൂട്ടികളുള്ള രക്ഷിതാക്കളാണ് എന്തു വേണമെന്നറിയാതെ പ്രയാസപ്പെടുന്നത്.

മറ്റു സാധനങ്ങൾക്കെന്നപോലെ വലിയ വിലവർധനവും സാധനങ്ങളുടെ ക്ഷാമവും സ്കൂൾ വിപണിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. അടുത്തകാലത്തായി ഉണ്ടായ പേപ്പർ ക്ഷാമവും നോട്ട് ബുക്ക് വിപണിയെ അടക്കം ബാധിച്ചിട്ടുണ്ട്. മലേഷ്യയിൽനിന്നായിരുന്നു ഇന്ത്യയിലേക്ക് പേപ്പർ ഇറക്കുമതി ചെയ്തിരുന്നത്. അവിടെനിന്നുള്ള ഇറക്കുമതി നിയന്ത്രിച്ചതോടെയാണ് വിപണിയിൽ പേപ്പർ വില വർധനവിന് ഇടയാക്കിയതെന്ന് മൊത്തവ്യാപാരികൾ പറയുന്നു.

നാലു രൂപ മുതൽ ആറു രൂപവരെയാണ് നോട്ടുബുക്കുകൾക്ക് വില വർധിച്ചിരിക്കുന്നത്. കഴിഞ്ഞതവണ 45ന് വിറ്റ കോളജ് നോട്ട് ബുക്കിന് ഇത്തവണ 52 രൂപയാണ് വില. മറ്റ് പുസ്തകങ്ങളുടെ വിലയും സമാനമായി വർധിച്ചിട്ടുണ്ട്. ബാഗിനും കുടയ്ക്കും 20 ശതമാനത്തിലധികം വില ഉയർന്നിട്ടുണ്ട്.

അഞ്ചുരൂപയുടെ പേനക്ക് രണ്ടു രൂപ വർധിച്ച് ഏഴ് രൂപയിലെത്തി. പുസ്തകം പൊതിയുന്ന ബ്രൗൺ പേപ്പറുകൾക്കും മിനിമം 80 രൂപയാണ് വില. ഭക്ഷണപാത്രത്തിനും ഇൻസ്ട്രുമെന്‍റ് ബോക്സുകൾക്കും 10 രൂപ മുതൽ 20 രൂപവരെ വില ഉയർന്നിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഒരു കുട്ടിയെ വിദ്യാലയത്തിലയക്കാൻ മിനിമം 5000 രൂപ വരെ വേണ്ടിവരും.

രണ്ടുവർഷമായി വിദ്യാലയം അടച്ചതിനാൽ പഴയ യൂനിഫോം ഉപയോഗിക്കാൻ കഴിയില്ല.സർക്കാർ വിദ്യാലയങ്ങളിൽ ഒരു ജോടി യൂനിഫോമിനുള്ള തുണി നൽകുന്നുണ്ടെങ്കിലും, ഒരു ജോടി കൂടി എടുത്ത് തയ്ക്കാൻ 1500 രൂപയിലധികം വരും. കഴിഞ്ഞ മഴക്കാലങ്ങളിൽ വീടിനകത്തായതിനാൽ ആരുടെ കൈയിലും കുടയും ഇല്ല. മൂന്നു മടക്കുള്ള കുടയ്ക്ക് 400 രൂപ മുതലാണ് വില. കുട്ടി കുടകളും 300 കടക്കും. ചുരുക്കത്തിൽ സ്കൂൾ തുറക്കുന്ന സമയത്ത് രണ്ടു കുട്ടികളെ വിദ്യാലയത്തിലെത്തിക്കണമെങ്കിൽ പതിനായിരം രൂപയോളം ഒരു രക്ഷിതാവ് കാണേണ്ടതുണ്ട്.

പട്ടിണിയിലായ ജീവിതം കൂട്ടിത്തുന്നാനുള്ള നെട്ടോട്ടത്തിലാണ് സാധാരണക്കാരിൽ പലരും. തൊഴിലുറപ്പു പദ്ധതിപോലും നിലച്ച അവസ്ഥയിലാണ് പല പഞ്ചായത്തുകളും. വിഷുവും പെരുന്നാളും കഴിഞ്ഞ് ക്ഷീണം മാറും മുമ്പാണ് വലിയ ചെലവിലേക്ക് വിദ്യാലയങ്ങൾ കൂടി തുറക്കുന്നത്. ജീവിതത്തിലാദ്യമായാണ് ജീവിതം ഇത്രയും ദുരിതപൂർണമായതെന്ന് രക്ഷിതാക്കൾ പറയുന്നു.

Tags:    
News Summary - back to School: study materials are expensive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.