തിരുവനന്തപുരം: കാലാവധി പൂർത്തിയാക്കിയിട്ടും നിക്ഷേപം തിരികെ നൽകാൻ സാധിക്കാത്ത സഹകരണ സംഘങ്ങളെക്കുറിച്ച് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന്റെ അടിസ്ഥാനത്തിൽ ജില്ല തിരിച്ചുള്ള സംഘങ്ങളുടെ എണ്ണവും പേരും സഹകരണ വകുപ്പ് മന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി പഞ്ഞിട്ടുണ്ടെന്ന് കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് യൂനിയർ (കെ.സി.ഇ.യു). കേരളത്തിൽ ആയിരക്കണക്കിന് സഹകരണ സംഘങ്ങൾ രൂപീകരിച്ചിട്ടുള്ളതിൽ ചില സംഘങ്ങൾ പ്രവർത്തനക്ഷമമല്ലാതായിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണെന്നും കെ.സി.ഇ.യു വാർത്താകുറിപ്പിൽ അറിയിച്ചു.
മന്ത്രി ചൂണ്ടിക്കാട്ടിയ സംഘങ്ങളിൽ ഭൂരിപക്ഷവും അത്തരത്തിലുള്ളവയാണ്. അതിൽ ചില സ്ഥാപനങ്ങളിൽ തെറ്റായ പ്രവണതകൾ ഉണ്ടായിട്ടുണ്ട്. ഈ സ്ഥാപനങ്ങളെക്കുറിച്ച് നേരത്തേ തന്നെ വാർത്തകൾ വന്നിരുന്നതാണ്. അത്തരം സ്ഥാപനങ്ങൾക്കെതിരെ സർക്കാർ കർശനമായ നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതെല്ലാം ബോധപൂർവ്വം മറച്ചുവെച്ചുകൊണ്ട് കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ തകർക്കാൻ അച്ചാരം വാങ്ങിയിരിക്കുകയാണ് ചിലരെന്നും വാർത്താകുറിപ്പിൽ അവർ ആരോപിച്ചു. സഹകരണ മേഖലയിലാകെ പ്രശ്നനങ്ങളാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് കേരളത്തിലെ ചില മാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതും കെ.സി.ഇ.യു പറഞ്ഞു.
സഹകരണ മേഖലക്കെതിരായ തെറ്റായ പ്രചരണങ്ങളാണ് ഇവർ തുടരുന്നത്. സഹകരണ മേഖലക്കെതിരെയുള്ള ഇവരുടെ ആക്രമണം ഗൂഢലക്ഷ്യം വെച്ചു കൊണ്ടുളളതാണ്. ദുർബല സംഘങ്ങളെ പ്രവർത്തനക്ഷമമാക്കാനുള്ള പദ്ധതികളുമായി സർക്കാരും സഹകാരികളും മുന്നോട്ട് പോവുകയാണ്. സമൂഹത്തിന്റെയാകെ നന്മ ലക്ഷ്യമിട്ട് നിശ്ചയധാർഢ്യവുമായി സഹകരണ മേഖല മുന്നോട്ട് പോകുമ്പോൾ അതിനെ തകർക്കാനാണ് കോർപ്പറേറ്റുകളു ടേയും സ്വകാര്യ ബാങ്കുകളുടേയും താല്പര്യങ്ങൾക്ക് വഴങ്ങി ഇത്തരം മാധ്യങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക നട്ടെല്ലും സാധാരണക്കാരുടെ അഭയ കേന്ദ്രവുമായ സഹകരണ സ്ഥാപനങ്ങൾ നിലനിൽക്കേണ്ടത് അനിവാര്യമാണ്. ദീർഘകാലത്തെ വിശ്വാസ്യ യോഗ്യമായ പ്രവർത്തനങ്ങൾ കൊണ്ടാണ് കേരളത്തിലെ സഹകരണ മേഖല രാജ്യത്തിനാകെ മാതൃകയാകുന്ന വിധം ഉയർന്നു നിൽക്കുന്നത്. രണ്ട് ലക്ഷം കോടിയിലധികം നിക്ഷേപം സഹകരണ മേഖലയിൽ സമാഹരിക്കാനായത് മാതൃകാപരമായ പ്രവർത്തനങ്ങൾ കൊണ്ടാണ്. ദൗർഭാഗ്യകരമായ ചില സംഭവങ്ങളുടെ പേരിൽ സഹകരണ മേഖലയും ജീവനക്കാരും ആകെ മോശമാ ണെന്ന് വരുത്തിത്തീർക്കാനുള്ള ഹീനമായ ശ്രമത്തിനെതിരെ സഹകാരികളും ജീവനക്കാരും ജാഗരൂപരാകണമെന്ന് കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് പി എം വഹീദയും ജനറൽ സെക്രട്ടറി എൻ കെ രാമചന്ദ്രനും അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.