കോഴിക്കോട്: ഒരു പരിചയവുമില്ലാത്ത രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായി സ്വന്തം ജീവന്‍ ത്യജിച്ചും മാന്‍ഹോളിലിറങ്ങി ജനഹൃദയത്തില്‍ നിത്യസ്മരണയായി മാറിയ നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ നൗഷാദിന്‍െറ മാതാവ് അസ്മവിക്ക് ‘ജീവന’യുടെ സ്നേഹാദരം. കോഴിക്കോട് രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയായ ജീവനയുടെ വിശുദ്ധപദവി ആഘോഷചടങ്ങിലാണ് അസ്മവിക്ക് ബിഷപ് പത്രോണി അവാര്‍ഡ് നല്‍കി ആദരിച്ചത്.

നൗഷാദിന്‍െറ മനസ്സിലുണ്ടായിരുന്ന നന്മ പകര്‍ന്നുനല്‍കിയത് അദ്ദേഹത്തിന് ജന്മം നല്‍കിയ മാതാപിതാക്കളാണെന്ന് അവാര്‍ഡ് നല്‍കിയ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. ഫാ. സൈമണ്‍ പീറ്റര്‍, ഡോ. എഫ്രേം കദളിക്കാട്ട് എന്നിവര്‍ക്കും അവാര്‍ഡ് സമര്‍പ്പിച്ചു. എം. മുകുന്ദന്‍ വിശുദ്ധപദവി ആഘോഷം ഉദ്ഘാടനം ചെയ്തു. കൈനിറയെ സ്നേഹവും  മനസ്സുനിറയെ നന്മയുമായി ജീവിക്കുന്നവരാണ് വിശുദ്ധരെന്ന് അദ്ദേഹം പറഞ്ഞു.

മദര്‍ തെരേസയുടെയും മദര്‍ മരിയ എലിസബത്ത് ഹെസല്‍ ബ്ളാഡിന്‍െറയും വിശുദ്ധപദവി ആഘോഷങ്ങളാണ് സംയുക്തമായി നടത്തിയത്. ജാതിക്കും മതത്തിനും അതീതമാണ് വിശുദ്ധ മദര്‍ തെരേസയും വിശുദ്ധ മരിയ എലിസബത്ത് ഹെസല്‍ ബ്ളാഡും പകര്‍ന്നുനല്‍കിയ മാതൃക. കണ്ണുകള്‍കൊണ്ടല്ല മനസ്സുകൊണ്ടാണ് ലോകം അവരെ കാണുന്നതെന്നും എം. മുകുന്ദന്‍ പറഞ്ഞു.

ചടങ്ങില്‍ കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. കാന്‍സര്‍ രോഗികളുടെ ചികിത്സക്കുള്ള ആശാകിരണ്‍ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. അബ്ദുസമദ് സമദാനി, ഫാ. വി.സി. ആല്‍ഫ്രെഡ്, ഫാ. ഡോ. തോമസ് പനക്കല്‍, ഫാ. മാത്യു പാമ്പക്കല്‍, സിസ്റ്റര്‍ ഡോ. അന്‍സില്ല, സിസ്റ്റര്‍ എം. ഡാമിയന്‍, സിസ്റ്റര്‍ സ്മിത, ഫ്രാന്‍സിസ് കോടന്‍കണ്ടത്ത് എന്നിവര്‍ സംസാരിച്ചു.

 

Tags:    
News Summary - auto driver naushad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.