കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ തവനൂരിലേക്ക് തന്നെ മാറ്റാൻ ജയിൽവകുപ്പ് നീക്കം. പരസ്യമദ്യപാനം, പരോള്‍ വ്യവസ്ഥയിലെ ലംഘനം തുടങ്ങിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ജയിൽ വകുപ്പിന്റെ തീരുമാനം. ഇക്കാര്യത്തിൽ അനുമതി തേടി കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ തലശ്ശേരി അഡീ. സെഷൻസ് കോടതിയെ സമീപിച്ചു.
മാഹി ഇരട്ടക്കൊല കേസിൽ പ്രതിയായ കൊടി സുനിയുടെ വിചാരണ തലശ്ശേരി സെഷൻസ് കോടതിയിൽ നടക്കുന്നുണ്ട്. തലശ്ശേരിയിൽ എത്തിക്കുന്നുവെങ്കിലും ഓൺലൈൻ വഴിയാണ് കോടതി നടപടികൾ പൂർത്തിയാക്കുന്നത്. ആ നിലക്ക് തവനൂരിൽനിന്നും ഓൺലൈൻ ആയി നടത്താമെന്നാണ് ജയിൽ വകുപ്പിന്റെ വാദം. ജയിൽവകുപ്പ് അപേക്ഷയിൽ ഉടൻ തീരുമാനമുണ്ടാകും. ടി.പി. വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്.
മാഹി ഇരട്ടക്കൊല കേസിലെ വിചാരണ മുൻനിർത്തി ഈ വർഷം ജനുവരി 29നാണ് കണ്ണൂരിലേക്ക് മാറ്റിയത്. തവനൂരിൽനിന്ന് തലശ്ശേരിയിൽ എത്തിക്കുന്നതിലെ പ്രയാസം ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിൽ കോടതിയാണ് അനുമതി നൽകിയത്. ടി.പി കേസിൽ കൊടി സുനി ഒഴികെയുള്ള മുഴുവൻ പ്രതികളും കണ്ണൂർ സെൻട്രൽ ജയിലിലാണ്.
കഴിഞ്ഞമാസം വിചാരണക്കായി കൊടി സുനി ഉൾപ്പെടെ മൂന്നു പ്രതികളെ തലശ്ശേരിയിൽ ഹാജരാക്കി മടങ്ങവേയാണ് പരസ്യമദ്യപാനം റിപ്പോർട്ട് ചെയ്തത്. വ്യവസ്ഥ ലംഘിച്ചതിന് കൊടി സുനിയുടെ പരോളും റദ്ദാക്കിയിരുന്നു. വിചാരണ കഴിഞ്ഞ് തിരികെയെത്തുമ്പോൾ മയക്കുമരുന്നുമായി ജയിലിൽ പ്രവേശിക്കുന്നുണ്ടെന്നാണ് ജയിൽ അധികൃതരുടെ കണ്ടെത്തൽ. ജയിലിനകത്തും പുറത്തും ലഹരി ഉൽപന്നങ്ങള് ഉപയോഗിക്കുന്നതിനു പുറമെ, വില്പനയും നടത്തുന്നു. ഇതിലെല്ലാം പൊറുതിമുട്ടിയാണ് ജയിൽ മാറ്റത്തിന് അപേക്ഷ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.