‘തീപന്തം എറിഞ്ഞ് പൊലീസുകാരെ കൊല്ലാൻ ശ്രമിച്ചു’ -ക്ലിഫ് ഹൗസ് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസുകാർക്കെതിരെ വധശ്രമക്കേസ്; മഹിളാ കോണ്‍ഗ്രസ് നേതാക്കളും പ്രതികൾ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസി​ലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പങ്കെടുത്തവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. തീപന്തം എറിഞ്ഞ് പൊലീസുകാരെ കൊല്ലാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.

28 പേർക്കെതിരെ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റിലായ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു. മഹിളാ കോണ്‍ഗ്രസ് നേതാക്കളായ വീണ എസ് നായർ, ലീന, ഡിസിസി ജനറൽ സെക്രട്ടറി ശ്രീകല എന്നിവരും പ്രതികളാണ്.

ഇന്നലെ വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ചാണ് രാത്രി ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺ​ഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തിയത്. ജലപീരങ്കി പ്രയോ​ഗിച്ചിട്ടും പിരിഞ്ഞുപോകാതെ പ്രവർത്തകർ പൊലീസിന് നേരെ തീപ്പന്തമെറിഞ്ഞിരുന്നു. തുടർന്ന് ലാത്തിചാർജ് നടത്തിയാണ് പ്രതിഷേധക്കാരെ പൊലീസ് നീക്കം ചെയ്തത്.

ഇന്നലെ ഉച്ചക്ക് ശേഷമാണ് ഷാഫി പറമ്പിൽ എം.പിയെ വടകരയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞത്. ടൗൺഹാളിന് സമീപം ഷാഫിയുടെ കാർ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞുവെച്ച് തെറിവിളിക്കുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ഇതോടെ കാറിൽ നിന്ന് പുറത്തിറങ്ങി, തെറിവിളിച്ചാൽ പേടിച്ചോടുമെന്ന് കരുതിയോ എന്ന് ചോദിച്ച് ഷാഫി ഡി.വൈ.എഫ്.ഐ പ്രവർത്തകരെ നേരിട്ടു.

എന്നാൽ, രാഹുലിനെ ഷാഫിയാണ് സംരക്ഷിക്കുന്നതെന്നും ഇതിന്റെ പേരിലുള്ള സ്വാഭാവിക പ്രതികരണമാണ് ഷാഫിക്കെതിരെ വടകരയിൽ ഉണ്ടായതെന്നുമാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് വസീഫ് പറഞ്ഞത്. ‘ഷാഫിയുടെ നേതൃത്വത്തിൽ പല കുതന്ത്രങ്ങള്‍ നടത്തും. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അതിൽ പെട്ടുപോകരുത്. വടകരയിൽ ഷാഫി പ്ലാൻ ചെയ്തപോലുള്ള പ്രതികരണമാണ് നടത്തിയത്. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് ആണെന്ന് പോലും ഷാഫി മറന്നു. ഷാഫിയുടെ ഇത്തരം പ്രതികരണങ്ങളിൽ പെട്ടുപോകാതിരിക്കാൻ ജാഗ്രത പുലര്‍ത്തും. ഡി.വൈ.എഫ്.ഐ ഷാഫിയെ തടയാൻ തീരുമാനിച്ചിട്ടില്ല. തീരുമാനിച്ചാൽ ഇങ്ങനെ ആയിരിക്കില്ല പ്രതികരണം. ഒരിക്കൽ പോലും ഷാഫി രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറ‍ഞ്ഞിട്ടില്ല’ -വി. വസീഫ് പറ‍ഞ്ഞു.

Tags:    
News Summary - Attempt to murder case filed against Youth Congress Cliff House march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.