തിരുവനന്തപുരം: അട്ടപ്പാടിയിൽ വ്യാജരേഖ ചമച്ച് വ്യാപകമായി ഭൂമി തട്ടിയെടുക്കുന്നത് ഉന്നതതലസംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസികൾ നിയമസഭയിലെത്തി. വിഷയം നിയമസഭ ചർച്ചചെയ്യണമെന്ന് സ്പീക്കർ എ.എം. ഷംസീറിനോട് ആവശ്യപ്പെട്ടു. കെ.കെ. രമ എം.എൽ.എക്കൊപ്പമാണ് ആദിവാസികൾ എത്തിയത്. ആദിവാസികൾ നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ടി.ആർ.ഡി.എം ഡെപ്യൂട്ടി ഡയറക്ടർ ഷുമിൻ എസ്. ബാബു അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. നിലവിൽ സർക്കാർ പ്രഖ്യാപിച്ച ഡിജിറ്റൽ സർവേ അട്ടപ്പാടിയിലെ ആദിവാസി ഭൂമിയുടെ സർവേ പൂർത്തിയായതിനുശേഷം മാത്രമേ നടത്താവൂവെന്നാണ് റിപ്പോർട്ടിലെ ശിപാർശ. അല്ലാത്തപക്ഷം തലമുറകളായി അനുഭവിച്ചു വന്നിരുന്ന ഭൂമി തെളിവുകളില്ല എന്ന കാരണത്താൽ പട്ടികവർഗ കുടുംബങ്ങൾക്ക് നഷ്ടപ്പെടും. രമേശ് ചെന്നിത്തല, കെ.കെ. ശൈലജ, പി.സി. വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ, കടകംപള്ളി സുരേന്ദ്രൻ, പി. മുഹമ്മദ് മുഹ്സിൻ, എൻ. ഷംസുദ്ദീൻ തുടങ്ങിയവർക്കും ആദിവാസികൾ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.