ഋ​ഷി​കേ​ശ്, അ​ന​ന്ത​കൃ​ഷ്ണ​ൻ, ന​ന്ദു​കു​മാ​ർ, രാ​ഹു​ൽ, ജി​ഷ്ണു​കു​മാ​ർ

പ്രവാസി മലയാളിയുടെ റസ്റ്റാറന്‍റിൽ ആക്രമണം: അഞ്ചുപേർ അറസ്റ്റിൽ

കോട്ടയം: പ്രവാസി മലയാളിയുടെ റസ്റ്റാറന്‍റിൽ ആക്രമണം നടത്തി ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. അതിരമ്പുഴ കോട്ടമുറി ഭാഗത്ത് ഇടത്തോട്ടിൽ ഋഷികേശ് (22), ശ്രീകണ്ഠമംഗലം കുറ്റിയേൽകവല ഭാഗത്ത് കറുകച്ചേരിൽ അനന്തകൃഷ്ണൻ (22) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ നീണ്ടൂർ റോഡിൽ കിഴക്കേച്ചിറ കള്ളുഷാപ്പും മൂക്കൻസ് മീൻചട്ടി എന്ന റസ്റ്റാറന്‍റ് നടത്തുന്ന ആറുമാനൂർ ഇല്ലത്തുപറമ്പിൽ ജോർജ് വർഗീസാണ് പരാതിക്കാരൻ.

കഞ്ചാവുമാഫിയ സംഘത്തിന്‍റെ ഭീഷണി മൂലം സംരംഭം ഉപേക്ഷിച്ച് നാടുവിടാനൊരുങ്ങുകയാണെന്ന് പ്രവാസി മലയാളിയായ ഇയാൾ വാർത്തസമ്മേളനം നടത്തി പറഞ്ഞിരുന്നു. പ്രതികൾ ഈമാസം നാലിന് സ്ഥാപനത്തിൽ ആയുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിക്കുകയും പ്ലേറ്റുകളും മറ്റു പാത്രങ്ങളും ഡെസ്കും കസേരയും ഉൾപ്പെടെ അടിച്ചുതകർക്കുകയും ചെയ്തു.

ഷാപ്പുടമയുടെ പരാതിയിൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പേമലമുകളേൽ വീട്ടിൽ ചാമി എന്ന വിഷ്ണു യോഗേഷ്, കുഴിപറമ്പിൽ വീട്ടിൽ ആഷിക് എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പ്രതിയായ അനന്തകൃഷ്ണനെതിരെ ഏറ്റുമാനൂർ സ്റ്റേഷനിൽ കഞ്ചാവ്, അടിപിടി കേസുകളുണ്ട്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായതായി പൊലീസ് പറഞ്ഞു.

ജൂണ്‍ 10ന് ഇതേ സ്ഥാപനത്തിൽ കയറി ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അതിരമ്പുഴ കോട്ടമുറി കോളനിയിൽ പേമലമുകളേൽ വീട്ടിൽ നന്ദുകുമാര്‍ (24), കൊച്ചുപുരക്കയിൽ ചിറയിൽ രാഹുൽ (22), കല്ലറ കാവിമറ്റം ഭാഗത്ത് കൂരാപ്പള്ളില്‍ വീട്ടിൽ ജിഷ്ണു കുമാർ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ജീവനക്കാരനെ ചീത്തവിളിക്കുകയും കള്ള് നിറച്ചുവെച്ചിരുന്ന കുപ്പി ഉപയോഗിച്ച് ജീവനക്കാരന്റെ തലക്കടിക്കുകയുമായിരുന്നു.

ഷാപ്പിലെ ഉപകരണങ്ങൾ അടിച്ചുതകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. വിവരം അറിഞ്ഞ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നിർദേശപ്രകാരം ഏറ്റുമാനൂര്‍ പൊലീസ് പരാതിക്കാരനെ നേരിൽകണ്ട് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ നന്ദുകുമാറിനെതിരെ അടിപിടിക്കേസുകളും രാഹുലിനെതിരെ കഞ്ചാവ് കേസും ഉണ്ട്. എസ്.എച്ച്.ഒ ടി.ആർ. രാജേഷ് കുമാർ, എസ്.ഐ കെ.കെ. പ്രശോഭ്, സി.പി.ഒമാരായ ഡെന്നി, പ്രവീൺ, എസ്.കെ. പ്രേംലാൽ രാകേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - Attack on Expatriate Malayalees restaurant: Five arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.