ഗോകുൽ, സുദേവ്, സച്ചിൻ
മാള (തൃശൂർ): കാലിക്കറ്റ് സർവകലാശാല ഡി-സോൺ കലോത്സവത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ച കേസിൽ മൂന്ന് കെ.എസ്.യു നേതാക്കൾ അറസ്റ്റിൽ. കെ.എസ്.യു തൃശൂർ ജില്ല പ്രസിഡൻറ് കോട്ടപ്പടി കുഴിക്കാട്ടിൽ വീട്ടിൽ ഗോകുൽ (27), സംസ്ഥാന ട്രഷറർ കണിമംഗലം പനമുക്ക് സ്വദേശി തയ്യിൽ വീട്ടിൽ സച്ചിൻ (26), സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മലപ്പുറം പരപ്പനങ്ങാടി അരിയല്ലൂർ പാറക്കണ്ണിത്തറയിൽ വീട്ടിൽ സുദേവ് (31) എന്നിവരെയാണ് മാള എസ്.എച്ച്.ഒ സച്ചിൻ ശശി അറസ്റ്റ് ചെയ്തത്.ഇവരെ റിമാൻഡ് ചെയ്തു.
മാള ഹോളി ഗ്രേസിൽ നടന്ന ഡി-സോൺ കലോത്സവത്തിനിടെ നടന്ന ആക്രമണത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കേരളവർമ കോളജ് എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി ആശിഷ് കൃഷ്ണയുടെ (20) മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആലുവ യു.സി. കോളജിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. പരിക്കേറ്റ അഗ്നിവേശ്, നിരഞ്ജൻ, ജിതിൻ, അതുൽ കൃഷ്ണ എന്നീ എസ്.എഫ്.ഐ പ്രവർത്തകർ മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗോകുലിനു പുറമെ കെ.എസ്.യു പ്രവർത്തകരായ അശ്വിൻ, ആദിത്യൻ, അക്ഷയ് എന്നിവർക്കും കണ്ടാലറിയാവുന്ന പത്തു പേർക്കുമെതിരെയാണ് കഴിഞ്ഞദിവസം കേസെടുത്തിരുന്നത്. തിങ്കളാഴ്ച രാത്രി 11.30ന് മുളവടി, ഇരുമ്പുപൈപ്പ് എന്നിവ ഉപയോഗിച്ച് കലോത്സവത്തിന്റെ ഒന്നാം നമ്പർ വേദിയുടെ മുൻവശത്തുവെച്ച് ആക്രമിച്ചതായാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.