കൊല്ലം: ഷാർജയിൽ തൂങ്ങി മരിച്ച തേവലക്കര കോയിവിള അതുല്യ ഭവനിലെ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷ് ശങ്കറിനെതിരെ (40) ചുമത്തിയ കൊലക്കുറ്റം ക്രൈംബ്രാഞ്ച് ഒഴിവാക്കി. പ്രഥമദൃഷ്ട്യ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. എന്നാൽ, ആത്മഹത്യാപ്രേരണയും സ്ത്രീധനപീഡനം അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കും. പുതിയ വകുപ്പുകൾ ചേർത്ത അന്വേഷണ റിപ്പോർട്ട് ഒക്ടോബർ 14ന് പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് നൽകി.
സതീഷിന് ലഭിച്ച മുൻകൂർ ജാമ്യം സെഷൻസ് കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് അദ്ദേഹം കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരായപ്പോൾ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. അതുല്യ കൊല്ലപ്പെട്ടതാണെന്നും കാരണക്കാരൻ സതീഷാണെന്നുമാണ് മാതാപിതാക്കളുടെ പരാതി. അതനുസരിച്ചാണ് ലോക്കൽ പൊലീസ് എഫ്.ഐ.ആർ തയാറാക്കിയത്.
സതീഷിനെതിരെ ചുമത്തിയ കൊലക്കുറ്റത്തിന് തെളിവില്ലെന്ന് കോടതി മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, വിദേശത്ത് നടന്ന മരണം അന്വേഷിക്കാൻ ലോക്കൽ പൊലീസിന് പരിമിതികളുള്ളതിനാൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
ജൂലൈ 19നാണ് ഷാർജ റോള പാർക്കിന് സമീപമുള്ള ഫ്ലാറ്റിൽ തേവലക്കര കോയിവിള സ്വദേശിനി അതുല്യയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ പുതുതായി ജോലിയിൽ പ്രവേശിക്കേണ്ട അതുല്യ പിറന്നാൾ ദിനത്തിൽ ജീവനൊടുക്കുകയായിരുന്നു. സംഭവം നടന്ന ദിവസം രാത്രി അതുല്യയുമായി സതീഷ് വഴക്കിട്ടിരുന്നതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. സഹോദരി അഖില ഷാർജ റോളയിൽ തൊട്ടടുത്താണ് താമസിക്കുന്നത്. മരണത്തിൽ സതീഷിന് പങ്കുണ്ടെന്ന് വ്യക്തമാക്കി അഖില പൊലീസിൽ പരാതി നൽകുകയായിരുന്നു. അതുല്യ മരിച്ചദിവസം സതീഷിനെ കാണുമ്പോൾ മദ്യ ലഹരിയിലായിരുന്നെന്നും നിരന്തരം ചേച്ചിയെ മർദ്ദിച്ചിരുന്നെന്നും അഖില ആരോപിച്ചിരുന്നു. 24 മണിക്കൂറിലുണ്ടായ മർദനത്തിന്റെ പാടുകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറയുന്നുണ്ടെന്നും അഖില പറഞ്ഞിരുന്നു.
പിന്നാലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷിനെ കമ്പനി പിരിച്ചുവിട്ടിരുന്നു. അതുല്യയെ ഭർത്താവ് സതീഷ് ഉപദ്രവിക്കുന്ന ദൃശ്യങ്ങളും ശരീരത്തിൽ മർദനമേറ്റതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു. പോസ്റ്റ്മോർട്ടത്തിൽ തൂങ്ങി മരണമാണെന്നു രേഖപ്പെടുത്തിയതിനെ തുടർന്ന് ആഗസ്റ്റിൽ സതീഷിന് മുൻകൂർ ജാമ്യം കിട്ടി. ഷാർജയിൽനിന്ന് എത്തിയ സതീഷിനെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ചിന് കൈമാറി. ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും പിന്നീട് ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്തു. എന്നാൽ, പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടത്തിയ റീ പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് ഞെരിഞ്ഞാണ് മരണമെന്ന് വ്യക്തമാക്കിയിരുന്നു. നിലവിൽ സതീഷ് റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.