വട്ടിയൂർക്കാവിലും മൂന്നാം സ്ഥാനത്തേക്ക് എന്ന് വിലയിരുത്തൽ; ആർ. ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വം തിരിച്ചടിയായെന്ന് ബി.ജെ.പി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന് പാർട്ടിയിൽ വിലയിരുത്തൽ. മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വം പാർട്ടി സംവിധാനത്തെ പൂർണ്ണമായും ഉണർത്തുന്നതിൽ പരാജയപ്പെട്ടെന്നും പാർട്ടിയിലെ എല്ലാ വിഭാഗങ്ങൾക്കും താല്പര്യമുള്ള സ്ഥാനാർത്ഥിയല്ലാതിരുന്നത് വോട്ടുകൾ മറ്റ് മുന്നണികളിലേക്ക് ചോരാൻ കാരണമായെന്നും ബി.ജെ.പി കരുതുന്നു.

അതേസമയം, എൽ.ഡി.എഫും യു.ഡി.എഫും മണ്ഡലത്തിൽ വലിയ വിജയപ്രതീക്ഷയിലാണ്. വി.കെ. പ്രശാന്തിന്റെ വ്യക്തിപ്രഭാവം വോട്ടായി മാറിയെന്നും എണ്ണായിരം മുതൽ പതിനായിരം വരെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നുമാണ് സി.പി.എം കണക്കുകൂട്ടുന്നത്. എന്നാൽ, ഭരണവിരുദ്ധ വികാരവും ക്രൈസ്തവ-നായർ വോട്ടുകളുടെ തിരിച്ചുവരവും തങ്ങൾക്ക് അനുകൂലമാകുമെന്നും അയ്യായിരം മുതൽ പതിനായിരം വരെ വോട്ടുകൾക്ക് കെ. മുരളീധരൻ ജയിക്കുമെന്നും യു.ഡി.എഫ് അവകാശപ്പെടുന്നു.

മണ്ഡലത്തിലെ 1,65,272 വോട്ടർമാരിൽ 1,27,127 പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വോട്ടർമാരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയതും തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്ന ഉറ്റുനോക്കലിലാണ് മുന്നണികൾ.

Tags:    
News Summary - Assessment of slipping to third place in Vattiyoorkavu; BJP believes R. Sreelekha’s candidacy backfired

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.