അഞ്ജലി
കോട്ടയത്ത് സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറിയ അപകടത്തിൽ 18കാരി മരിച്ചു
കോട്ടയം: കോട്ടയം ജില്ല ജനറൽ ആശുപത്രിക്ക് സമീപം ചന്തക്കവലയിൽ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറിയ അപകടത്തിൽ 18കാരി മരിച്ചു. കോട്ടയം നട്ടാശേരി പാറയിൽ അജയന്റെ മകൾ അഞ്ജലിയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സർജിക്കൽ ഐ.സി.യുവിൽ വെന്റിലേറ്ററിലായിരുന്ന അഞ്ജലി, ശനിയാഴ്ച രാവിലെയാണ് മരിച്ചത്.
അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ കോട്ടയം ഇത്തിത്താനം സുഭാഷ് ഭവനിൽ ശ്രീകുമാരിയും (54) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോട്ടയം മറിയപ്പള്ളി മുട്ടം ഉള്ളാട്ട് ജയ (51) കാരിത്താസ് ആശുപത്രിയിലും, കൊല്ലാട് കലേഷ് ഭവനിൽ അനുമോൾ സുരേഷ് (48), ചങ്ങനാശ്ശേരി മലകുന്നം ആനക്കുഴി എ.കെ. സുനി (46) എന്നിവർ കോട്ടയം ജില്ല ജനറൽ ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നു.
വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് അപകടം ഉണ്ടായത്. ചങ്ങനാശ്ശേരിയിൽ നിന്ന് കോട്ടയത്തേക്ക് വന്ന ബസ് നടപ്പാതയുടെ ബാരിക്കേഡും സമീപത്തെ പോസ്റ്റും തകർത്ത് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന് പിന്നാലെ ബസില്‍നിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. ബസിനടിയിൽ കുടുങ്ങിയവരെ നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നു പുറത്തെടുത്താണ് ആശുപത്രിയിലേക്കു മാറ്റിയത്.
കനത്ത മഴയിലും ഗതാഗതക്കുരുക്കിലും ഇടയിലാണ് അപകടം. ചാറ്റൽമഴ ഉണ്ടായിരുന്നതു മൂലം ബസ് സ്റ്റോപ്പിനു സമീപത്തെ കടത്തിണ്ണയിലേക്കു ചിലർ കയറി നിന്നതിനാൽ വൻദുരന്തം ഒഴിവായി. ബസ് വരുന്നതു കണ്ട് ചിലർ ഓടിമാറിയിരുന്നു. ബസ് കാത്തുനിന്നവർക്കും വഴിയാത്രക്കാർക്കുമാണു പരുക്കേറ്റതെന്ന് പൊലീസ് അറിയിച്ചു.
ചന്തക്കവലക്ക് സമീപമുള്ള സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു അഞ്ജലി. മാതാവ് മരിച്ച ശേഷം വലിയമ്മയോടൊപ്പമാണ് അഞ്ജലി താമസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.