നിയമസഭ തെരഞ്ഞെടുപ്പ്; മെട്രോയുടെ നാട്ടിൽ സ്മാർട്ടാണ് മത്സരം

കൊച്ചി: ഐ.ടിയുടെയും മെട്രോയുടെയും പകിട്ടും പത്രാസുമുള്ള വ്യവസായ ജില്ലയിൽ യു.ഡി.എഫിന് ആത്മവിശ്വാസവും എൽ.ഡി.എഫിന് പ്രതീക്ഷകളും വേണ്ടുവോളം. ജില്ലയിലെ ചില മണ്ഡലങ്ങളിൽ നിർണായക സ്വാധീനമുള്ള ട്വന്‍റി 20യുമായുള്ള കൂട്ടുകെട്ടിൽ എൻ.ഡി.എക്കും സ്വപ്നങ്ങളേറെ. ജില്ലയിലെ 14 മണ്ഡലത്തിലും വേനൽ ചൂടിനെയും തോൽപ്പിച്ച് പ്രചാരണത്തിന് തീപിടിപ്പിച്ചിരിക്കുകയാണ് മുന്നണികൾ.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 14 മണ്ഡലങ്ങളിൽ ഒമ്പതിടത്ത് യു.ഡി.എഫും അഞ്ചിടത്ത് എൽ.ഡി.എഫുമാണ് വിജയിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മത്സരിക്കുന്ന പറവൂർ സംസ്ഥാനത്തുതന്നെ ശ്രദ്ധേയമായ വി.ഐ.പി മണ്ഡലമാണ്. 2001 മുതൽ തുടർച്ചയായി അഞ്ച് തവണ ഇവിടെനിന്ന് വിജയിച്ച സതീശനെ നേരിടാൻ എൽ.ഡി.എഫ് രംഗത്തിറക്കിയത് സി.പി.ഐയുടെ കൈപമംഗലത്തെ സിറ്റിങ് എം.എൽ.എ ഇ.ടി. ടൈസണെയാണ്. കോൺഗ്രസിൽനിന്ന് ഈയിടെ ബി.ജെ.പിയിലെത്തിയ വത്സലാ പ്രസന്നകുമാറാണ് എൻ.ഡി.എ സ്ഥാനാർഥി.

ആലുവയിൽ കഴിഞ്ഞ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിച്ച കോൺഗ്രസിന്‍റെ അൻവർ സാദത്തിന് ഇത് നാലാമൂഴം. മണ്ഡലം പിടിക്കാൻ ആലപ്പുഴയിൽനിന്ന് മുൻ എം.പിയും എം.എൽ.എയുമായ എ.എം. ആരിഫിനെയാണ് സി.പി.എം കളത്തിലിറക്കിയത്. എം.എ. ബ്രഹ്മരാജ് (ബി.ജെ.പി) ആണ് എൻ.ഡി.എ സ്ഥാനാർഥി.

സംസ്ഥാനത്ത് കേരള കോൺഗ്രസ് ജേക്കബിന് ലഭിച്ച ഏക സീറ്റായ പിറവത്ത് പാർട്ടി ലീഡർ അനൂപ് ജേക്കബാണ് യു.ഡി.എഫ് സ്ഥാനാർഥി. നാലാമങ്കത്തിനിറങ്ങുന്ന അനൂപിനെ നേരിടാൻ എൽ.ഡി.എഫ് നിയോഗിച്ചത് കോൺഗ്രസിൽനിന്ന് കേരള കോൺഗ്രസ് എമ്മിലെത്തിയ മുൻ നഗരസഭ ചെയർമാൻ കൂടിയായ സാബു കെ. ജേക്കബിനെ. ജിബി എബ്രഹാമാണ് (ട്വന്‍റി 20) എൻ.ഡി.എ സ്ഥാനാർഥി. മൂവാറ്റുപുഴയിൽ സിറ്റിങ് എം.എൽ.എ മാത്യു കുഴൽനാടനെ യു.ഡി.എഫ് വീണ്ടും പരീക്ഷിക്കുമ്പോൾ സി.പി.ഐ ജില്ല സെക്രട്ടറി എൻ. അരുണിലൂടെ മണ്ഡലം തിരിച്ചുപിടിക്കുകയാണ് എൽ.ഡി.എഫ് ലക്ഷ്യം. എൻ.ഡി.എക്ക് വേണ്ടി സണ്ണി കടുത്താഴെ (ട്വന്‍റി 20) മത്സരിക്കുന്നു.

പെരുമ്പാവൂരിൽ സിറ്റിങ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ കോൺഗ്രസ് ഒഴിവാക്കിയപ്പോൾ നറുക്ക് വീണത് മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മൂത്തേടന്. യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറിയും ഡി.സി.സി മുൻ സെക്രട്ടറിയുമായ ബേസിൽ പോളാണ് (കേരള കോൺഗ്രസ് എം) എൽ.ഡി.എഫ് സ്ഥാനാർഥി. ട്വന്‍റി 20യുടെ ജിബി പാത്തിക്കൽ എൻ.ഡി.എക്ക് വേണ്ടി രംഗത്തുണ്ട്. ലത്തീൻ സമുദായത്തിന് നിർണായക സ്വാധീനമുള്ള എറണാകുളത്ത് ഹാട്രിക് വിജയം തേടിയാണ് കോൺഗ്രസിലെ ടി.ജെ. വിനോദ് ഇറങ്ങുന്നത്. മുൻ ഡെപ്യൂട്ടി മേയർ കൂടിയായ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിന്‍റെ സാബു ജോർജാണ് എതിരാളി. എറണാകുളം ജനതാദളിന് വിട്ടുകൊടുത്ത് സി.പി.എം അങ്കമാലി അവരിൽനിന്ന് ഏറ്റെടുക്കുകയായിരുന്നു. ബി.ജെ.പി സംസ്ഥാന വക്താവ് പി.ആർ. ശിവശങ്കറാണ് എൻ.ഡി.എ സ്ഥാനാർഥി.

കഴിഞ്ഞ 10 വർഷമായി അങ്കമാലി യു.ഡി.എഫിന്‍റെ കൈയിലാണെങ്കിലും മുമ്പ് ആറുതവണ വിജയിച്ച ചരിത്രം എൽ.ഡി.എഫിന് പ്രതീക്ഷ നൽകുന്നു. കോൺഗ്രസിന്‍റെ സിറ്റിങ് എം.എൽ.എ റോജി എം. ജോണിനെ നേരിടുന്നത് പെരുമ്പാവൂരിൽനിന്ന് മുമ്പ് മൂന്നുതവണ എം.എൽ.എയായ സി.പി.എമ്മിന്‍റെ സാജു പോൾ. എൻ.ഡി.എക്കുവേണ്ടി ട്വന്‍റി 20യുടെ പ്രോമി കുര്യാക്കോസ് മത്സരിക്കുന്നു.

മുസ്ലിം ലീഗിൽനിന്ന് കഴിഞ്ഞ തവണ സി.പി.എം തിരിച്ചുപിടിച്ച കളമശ്ശേരി നിലനിർത്താൻ മന്ത്രി പി. രാജീവ് തന്നെ ഇത്തവണയും ഇറങ്ങുന്നു. എതിരാളി വീണ്ടും മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്‍റെ മകൻ മുസ്ലിം ലീഗിലെ വി.ഇ. അബ്ദുൽ ഗഫൂർ. ബി.ഡി.ജെ.എസിന് ലഭിച്ച സീറ്റിൽ എം.പി. ബിനുവാണ് എൻ.ഡി.എ സ്ഥാനാർഥി.

കോതമംഗലത്ത് സിറ്റിങ് എം.എൽ.എ സി.പി.എമ്മിലെ ആന്‍റണി ജോണിന് ഇത് മൂന്നാമൂഴം. നേരിടുന്നത് കഴിഞ്ഞ തവണ ആന്‍റണി ജോണിനോട് പരാജയപ്പെട്ട കേരള കോൺഗ്രസിലെ ഷിബു തെക്കുംപുറം. എസ്.എൻ.ഡി.പി താലൂക്ക് യൂനിയൻ പ്രസിഡന്‍റ് സജി നാരായണൻ എൻ.ഡി.എക്കുവേണ്ടി ബി.ഡി.ജെ.എസ് ടിക്കറ്റിൽ മത്സരിക്കുന്നു. തൃക്കാക്കരയിൽ യു.ഡി.എഫിനുവേണ്ടി രംഗത്തുള്ളത് സിറ്റിങ് എം.എൽ.എ കോൺഗ്രസിലെ ഉമ തോമസാണ്. കന്നിപ്പോരിനിറങ്ങിയ സി.പി.എം ജില്ല സെക്രട്ടറിയേറ്റംഗം അഡ്വ. പുഷ്പ ദാസാണ് എതിരാളി. സോഷ്യൽ മീഡിയ താരവും സംവിധായകനുമായ അഖിൽ മാരാർ (ട്വന്‍റി 20) എൻ.ഡി.എക്കുവേണ്ടി ജനവിധി തേടുന്നു.

കഴിഞ്ഞതവണ എം. സ്വരാജ് 992 വോട്ടിന് കോൺഗ്രസിലെ കെ. ബാബുവിനോട് തോറ്റ തൃപ്പൂണിത്തുറയിൽ കൊച്ചി ഡെപ്യൂട്ടി മേയർ ദീപക് ജോയ് ആണ് യു.ഡി.എഫ് സ്ഥാനാർഥി. വൈപ്പിനിലെ സിറ്റിങ് എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണനെയാണ് സി.പി.എം ഇവിടെ നിയോഗിച്ചത്. ട്വന്‍റി 20ക്ക് ലഭിച്ച സീറ്റിൽ നടി അഞ്ജലി നായരാണ് എൻ.ഡി.എ സ്ഥാനാർഥി. കൊച്ചിയിൽ സി.പി.എമ്മിന്‍റെ സിറ്റിങ് എം.എൽ.എ കെ.ജെ. മാക്സിയെ നേരിടാൻ പല പേരുകൾക്കൊടുവിലാണ് ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെ കോൺഗ്രസ് ഉറപ്പിച്ചത്.

ട്വന്‍റി 20യുടെ അഡ്വ. ജൂലപ്പനാണ് എൻ.ഡി.എ സ്ഥാനാർഥി. കഴിഞ്ഞ തവണ എൽ.ഡി.എഫ് വിജയിച്ച വൈപ്പിനിൽ സിറ്റിങ് എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണന്‍റെ പിൻഗാമിയായി സി.പി.എമ്മിലെ അഡ്വ. എം.ബി. ഷൈനിയാണ് മത്സരിക്കുന്നത്. മുൻ മേയർ കോൺഗ്രസിന്‍റെ ടോണി ചമ്മിണിയാണ് യു.ഡി.എഫ് സ്ഥാനാർഥി. അനിത തോമസ് (ട്വന്‍റി 20) ആണ് എൻ.ഡി.എ സ്ഥാനാർഥി.

Tags:    
News Summary - Assembly elections; The contest is smart in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.