'വന്ദേമാതരം' ഉത്തരവ്: സംഘ്പരിവാറിന്‍റെ അജണ്ടകൾ ഒളിച്ചുകടത്താൻ വഴിയൊരുക്കുന്നത് ആരായാലും അത് ചെറുക്കപ്പെടണം- തൗഫീഖ് മമ്പാട്

കോഴിക്കോട്: സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ 'വന്ദേമാതരം' പൂർണ്ണമായി ആലപിക്കണമെന്ന സർക്കാർ ഉത്തരവ് സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ മതേതര മൂല്യങ്ങൾക്ക് മേൽ വിള്ളൽ വീഴ്ത്തുന്നതാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്. രാജ്യത്തിന്റെ അടിസ്ഥാന ശിലയായ ബഹുസ്വരതയെയും വൈവിധ്യത്തെയും ചോദ്യം ചെയ്യുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.


Full View


കേന്ദ്ര സർക്കാരിന്റെ അടിച്ചേൽപ്പിക്കലുകൾക്ക് കേരളത്തിൽ വേഗത കൂട്ടുന്ന ഉദ്യോഗസ്ഥ ഭരണാധികാരികളുടെ നിലപാട് എന്ത് സന്ദേശമാണ് നൽകുന്നത്? മറ്റ് മതവിശ്വാസികൾക്ക് സ്വന്തം വിശ്വാസപ്രമാണങ്ങൾക്ക് വിരുദ്ധമായ വരികൾ പാടാൻ നിർബന്ധിതരാകുന്ന അവസ്ഥ ജനാധിപത്യ സമൂഹത്തിന് അപമാനകരമാണ്. ബഹുദൈവ ആരാധനയും കീർത്തനങ്ങളും സ്വന്തം വിശ്വാസത്തിന് എതിരായി കാണുന്നവർ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുന്ന സാഹചര്യമാണ് ഈ ഉത്തരവിലൂടെ സൃഷ്ടിക്കപ്പെടുന്നത്. മതേതര കേരളത്തിന്റെ മന്ത്രിമാർ ഇത്തരം വരികൾ കേട്ട് സല്യൂട്ട് സ്വീകരിക്കേണ്ടി വരുന്നത് എന്ത് രാഷ്ട്രീയ ബോധത്തിന്റെ പുറത്താണ് എന്ന് വ്യക്തമാക്കണം.

സംഘ്പരിവാറിന്റെ ഫാസിസ്റ്റ് അജണ്ടകൾക്ക് കേരളത്തിൽ ഒളിച്ചുകടത്താൻ വഴിയൊരുക്കുന്നത് ആരായാലും അത് ചെറുക്കപ്പെടേണ്ടതുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെ വെല്ലുന്ന വേഗതയിൽ ഇത്തരം തീരുമാനങ്ങൾ നടപ്പിലാക്കാൻ മുന്നിൽ നിൽക്കുന്നവരുടെ ലക്ഷ്യം എന്താണെന്ന് കേരളത്തിലെ ജനങ്ങളോട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെയും വിശ്വാസ സ്വാതന്ത്ര്യങ്ങളെയും ഹനിക്കുന്ന ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരെ ജനാധിപത്യ കേരളം ശക്തമായി പ്രതികരിക്കും. ഒരു സമൂഹത്തെയും നിർബന്ധിച്ച് ഒരേ അച്ചിൽ വാർക്കാനുള്ള നീക്കങ്ങളെ ജാഗ്രതയോടെ തോൽപ്പിക്കാൻ മുഴുവൻ ജനങ്ങളും മുന്നോട്ട് വരണമെന്നും തൗഫീഖ് മമ്പാട് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

Tags:    
News Summary - 'വന്ദേമാതരം' ഉത്തരവ്: സംഘ്പരിവാറിന്‍റെ അജണ്ടകൾ ഒളിച്ചുകടത്താൻ വഴിയൊരുക്കുന്നത് ആരായാലും അത് ചെറുക്കപ്പെടണം- തൗഫീഖ് മമ്പാട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.