തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ ആ വിധിദിനമെത്തി. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലും സജ്ജമായി. തിങ്കളാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ വ്യക്തമാക്കി.
രാവിലെ ഏഴോടെ സ്ട്രോങ് റൂമുകൾ തുറക്കും. സ്ഥാനാർഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ വിഡിയോ റെക്കോഡിങ്ങോടെയാണ് ഈ നടപടികൾ. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. എട്ടരയോടെ യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. വൈകീട്ട് അഞ്ചിന് ഔദ്യോഗിക നടപടികൾ പൂർത്തീകരിക്കും.
15,465 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി സംസ്ഥാനത്ത് വിന്യസിച്ചത്. ഇതിൽ 140 റിട്ടേണിങ് ഓഫിസർമാരും 1,340 അഡീഷനൽ എ.ആർ.ഒമാരും 4,208 സൂക്ഷ്മനിരീക്ഷകരും ഉൾപ്പെടും. പുറമെ ഓരോ മണ്ഡലത്തിലും ഓരോ കൗണ്ടിങ് നിരീക്ഷകരുമുണ്ടാകും. പ്രധാനമായും ഐ.എ.എസ് ഓഫിസർമാരെയാണ് ഇതിനായി നിയോഗിച്ചത്.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷ ക്രമീകരണങ്ങളാണ് ഏപ്പെടുത്തിയത്. സി.ആർ.പി.എഫിന്‍റെ 20 കമ്പനികളും കേരള പൊലീസ് ബറ്റാലിയനുകളും സ്പെഷൽ യൂനിറ്റുകളുമടക്കും 32,000ഓളം ഉദ്യോഗസ്ഥരാണ് സുരക്ഷയ്ക്കായി ഉണ്ടാവുക.
പ്രവേശിക്കാൻ ക്യു ആർ കോഡുള്ള ഐ.ഡി
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ ഇക്കുറി ക്യു ആർ കോഡുള്ള ഐ.ഡി കാർഡുകൾ. ലോക്സഭ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തി വിജയിച്ച സംവിധാനമാണ് മാതൃകയായി സ്വീകരിച്ചത്.
റിട്ടേണിങ് ഓഫിസർമാർ, വോട്ടെണ്ണലിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ, ഏജന്‍റുമാർ, സാങ്കേതിക ചുമതലയുള്ളവർ തുടങ്ങി 15 വിഭാഗങ്ങൾക്കായി ക്യു ആർ കോഡുള്ള ഐ.ഡി കാർഡുകൾ നൽകിയി. സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ മൊബൈൽ ആപ് വഴി സ്കാൻ ചെയ്ത് ഉറപ്പുവരുത്തിയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കുക.
കലക്ടർമാർക്ക് വിജയാഹ്ലാദങ്ങൾ നിയന്ത്രിക്കാം
മാതൃക പെരുമാറ്റച്ചട്ടം വോട്ടെണ്ണലിന് ശേഷം 48 മണിക്കൂർ വരെയാണ് സാധാരണയുണ്ടാവുക. അതായത് ഇത്തവണ മേയ് ആറു വരെ. വിജയാഹ്ലാദങ്ങൾക്കും പ്രകടനങ്ങൾ അതാത് ജില്ലകളിലെ സാഹചര്യം പരിഗണിച്ച് ജില്ല ഭരണാധികാരികൾക്ക് നിയന്ത്രിക്കുകയോ തടയുകയോ ചെയ്യാം. ഇതുസംബന്ധിച്ച് കലക്ടമാർക്കും ജില്ല പൊലീസ് മേധാവികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം തീരുമാനങ്ങളിൽ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും സഹകരിക്കണമെന്നും രത്തൻ യു. ഖേൽക്കർ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലങ്ങൾ ഔദ്യോഗികമായി കമീഷൻ പ്രസിദ്ധീകരിക്കും. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. വോട്ടെണ്ണലുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് നിരീക്ഷകർക്ക് നൽകാം. കോൾ സെന്ററിലും സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.