ടി.വി ചർച്ചകൾ റിഹേഴ്​സ്​ ചെയ്​ത നാടകങ്ങളായി മാറുന്നു

എല്ലാ മതേതരശക്തികളും ഒന്നിച്ച്​ ദേശീയസഖ്യം സാധ്യമാക്കുകയാണ് ഏതു ജനാധിപത്യകക്ഷിയുടെയും ഇന്നത്തെ പ്രാഥമിക കര്‍ത്തവ്യം. അതിനു സങ്കുചിതവും താൽക്കാലികവുമായ അജണ്ടകള്‍ മാറ്റിവെക്കേണ്ടി വരും


പാർട്ടികൾ, നേതാക്കൾ, മാധ്യമങ്ങൾ- ശരിയായ ജനകീയ അജണ്ടകൾ​ മുന്നോട്ടുവെച്ച്​ ചർച്ച ചെയ്യുന്നുണ്ടെന്ന്​ കരുതാനാകുമോ?

പലപ്പോഴും സ്ഥായിയായ പ്രശ്നങ്ങളുടെ ഗൗരവമേറിയ ചർച്ചയെക്കാള്‍ വേലിവഴക്കുകള്‍ മേല്‍ക്കൈ നേടുന്നതായി തോന്നുന്നു. ടെലിവിഷന്‍ ചര്‍ച്ചകള്‍ അസഹനീയമായിട്ടുണ്ടെന്നു പറയാതെ വയ്യ. വസ്തുനിഷ്ഠതയുടെ ബലിനിലങ്ങള്‍ എന്നേ അവയെക്കുറിച്ച് പറയാനാകൂ. ആര്‍ എന്തു പറയുന്നു, മുന്‍കൂട്ടി പറയാന്‍ കഴിയുന്ന, നന്നായി റിഹേഴ്സ് ചെയ്ത നാടകങ്ങള്‍.

നിലവിലെ കേന്ദ്ര സർക്കാർ കഴിഞ്ഞ സംസ്​ഥാന സർക്കാറിനോട്​ നീതിപൂർവകമായി ഇടപഴകി എന്നു കരുതുന്നുണ്ടോ? ഫെഡറൽ അവകാശങ്ങൾ ലംഘിക്കപ്പെടുന്ന അവസ്​ഥ വരാനിരിക്കുന്ന സംസ്​ഥാന സർക്കാറിന്​ അഭിമുഖീകരിക്കേണ്ടി വരുമോ​?

n ഫെഡറല്‍ തത്ത്വങ്ങളെ ഇത്രത്തോളം ലംഘിച്ച ഒരു കേന്ദ്രസര്‍ക്കാര്‍ ഉണ്ടായിട്ടില്ല. വിദ്യാഭ്യാസം, കൃഷി തുടങ്ങിയ രംഗങ്ങളില്‍ സംസ്ഥാനങ്ങളുടെ ഒരു താൽപര്യവും പരിഗണിക്കാതെയാണ് പുതിയ ബില്ലുകള്‍ പാസാക്കിയത്. ഗവർണര്‍മാരെ അവര്‍ സ്വന്തം പാർട്ടി താൽപര്യങ്ങളുടെ സംരക്ഷകര്‍ ആക്കിയിരിക്കുന്നു.

അവരുടെ മുഖ്യ ചുമതല എങ്ങനെയെങ്കിലും ബി.ജെ.പി അല്ലാത്ത സര്‍ക്കാറുകളെ മറിച്ചിടാന്‍ കൂട്ടു നില്‍ക്കുകയാണ്. ഒരു കാര്യത്തിലും സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ അവര്‍ കണക്കില്‍ എടുക്കുന്നില്ല. ബി.ജെ.പി കേന്ദ്ര ഭരണത്തില്‍ തുടരുന്നിടത്തോളം ഫെഡറലിസം അപകടത്തില്‍ തന്നെയായിരിക്കും, കൈ കടത്തല്‍ വർധിക്കാനേ ഇടയുള്ളൂ.

എന്നു തന്നെയല്ല പ്രളയംപോലുള്ള ദുരിതങ്ങളുടെ കാലത്ത് കേരളത്തെ സഹായിക്കാന്‍ മുന്നോട്ടു വന്നില്ല എന്നു മാത്രമല്ല, സഹായം പുറത്തുനിന്ന് സ്വീകരിക്കുന്നത്​ അവര്‍ തടയുക കൂടി ചെയ്തു. ജി.എസ്.ടി വിഹിതം മുഴുവന്‍ നല്‍കാതിരിക്കല്‍ മുതല്‍ ഇങ്ങനെ അനേകം കാര്യങ്ങളുണ്ട് അനീതിക്ക് ഉദാഹരണങ്ങളായി.

മതേതരത്വത്തിന്​ മറ്റു​ സംസ്​ഥാനങ്ങൾക്ക്​ മാതൃകയായ കേരളത്തിൽ വർഗീയതയുടെ കടന്നുകയറ്റം ചെറുക്കാൻ രാഷ്​ട്രീയ പാർട്ടികൾ എന്തു​ നിലപാട്​ സ്വീകരിക്കണമെന്നാണ്​ താങ്കൾ കരുതുന്നത്​​?

n ദേശത്തിനു മുന്നിലുള്ള പ്രധാന അപകടം ഭൂരിപക്ഷമതവർഗീയത തന്നെയാണ്. അതാണ്‌, ചങ്ങാത്ത മുതലാളിത്തവുമായി ചേര്‍ന്നു ഇന്ത്യയെ ഫാഷിസവത്കരിച്ചു കൊണ്ടിരിക്കുന്നതും, ഒപ്പം ഇന്ത്യയിലെ എല്ലാ പൊതുസ്ഥാപനങ്ങളെയും- സാമ്പത്തികവും സാംസ്കാരികവും- നശിപ്പിക്കുകയോ വില്‍ക്കുകയോ ചെയ്തു കൊണ്ടിരിക്കുന്നതും.

ഈ സാഹചര്യം മനസ്സിലാക്കി മതസൗഹാര്‍ദം വളര്‍ത്തി എല്ലാ മതേതരശക്തികളുമായി ഒന്നിച്ചുള്ള ദേശീയസഖ്യം സാധ്യമാക്കുകയാണ് ഏതു ജനാധിപത്യകക്ഷിയുടെയും ഇന്നത്തെ പ്രാഥമിക കര്‍ത്തവ്യം. അതിനു സങ്കുചിതവും താൽക്കാലികവുമായ അജണ്ടകള്‍ മാറ്റിവെക്കേണ്ടി വരും. ഇന്ത്യ ഒരു ജനാധിപത്യ-മതേതര രാഷ്​ട്രമായി തുടരണോ എന്നതാണ് ഇന്നത്തെ മുഖ്യ രാഷ്​ട്രീയ ചോദ്യം.

അതിന്​ ഉത്തരം പറയാന്‍ എല്ലാ കക്ഷികള്‍ക്കും ബാധ്യതയുണ്ട്, തങ്ങളുടെ ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള പ്രതിജ്ഞാബദ്ധത തന്നെയാണ് ഇന്ന് വെല്ലുവിളിക്കപ്പെടുന്നത് എന്ന് അവര്‍ തിരിച്ചറിയണം. അതിനുവേണ്ടി ചിലപ്പോള്‍ പഴയ ശത്രുക്കളുമായിപ്പോലും സന്ധി ചെയ്യേണ്ടി വരും.

ഉദാഹരണത്തിന് പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്‌ - മാര്‍ക്സിസ്​റ്റ്​ പാര്‍ട്ടി സഖ്യം ഉണ്ടായി, തൃണമൂല്‍ കൂടി അതില്‍ ഉണ്ടായിരുന്നെങ്കില്‍ ബി.ജെ.പിയെ ബംഗാളില്‍ കടത്താതെ നിര്‍ത്താന്‍ കഴിയുമായിരുന്നു. അത്തരം ഒരു ദേശീയ വീക്ഷണത്തി​‍െൻറ അഭാവത്തില്‍ ശക്തിപ്പെടുക ദേശവിരുദ്ധവലതുപക്ഷ ശക്തികള്‍ തന്നെയായിരിക്കും. അതാകട്ടെ, ആഗോള മുതലാളിത്ത പ്രതിസന്ധിയുമായി ബന്ധപ്പെട്ടിരിക്കയും ചെയ്യുന്നു. ജനരോഷത്തെ പോപ്പുലിസം കൊണ്ട് നേരിടുന്ന രാഷ്​ട്രീയമാണ് അത്.

ഏതെല്ലാം നിലക്ക് ഈ തെരഞ്ഞെടുപ്പ് വ്യത്യസ്തമാവുന്നു?

എല്ലാ വിമര്‍ശനങ്ങളോടും കൂടിത്തന്നെ പറയട്ടെ, കേരളത്തെ കുറെയെങ്കിലും ഫാഷിസത്തില്‍നിന്ന് രക്ഷിച്ചുനിര്‍ത്താന്‍ ഇടതുപക്ഷത്തിനേ കഴിയൂ. ഒപ്പം ഇടതുപക്ഷം തങ്ങളുടെ ലക്ഷ്യത്തില്‍നിന്ന് അകന്നുപോകുന്നുണ്ടോ എന്നു സ്വയം പരിശോധിക്കുകയും തെറ്റുകള്‍ തിരുത്തുകയും വേണം, പരിസ്ഥിതി തകര്‍ക്കാത്ത വികസനം, സര്‍വമത സഹഭാവം, കീഴാളപക്ഷ നിലപാടുകള്‍, ഉന്നതവിദ്യാഭ്യാസത്തി​‍െൻറ നിലവാരവികസനം, ദലിത്‌-ആദിവാസി-സ്ത്രീ-മത, ലൈംഗിക ന്യൂനപക്ഷാവകാശ സംരക്ഷണം ഉള്‍പ്പെടെയുള്ള മനുഷ്യാവകാശശ്രദ്ധ, പുരോഗമനപരമായ സാംസ്കാരികവീക്ഷണം എന്നിങ്ങനെ ഇടതുപക്ഷത്തെ ഇടതുപക്ഷമാക്കുന്ന മൂല്യങ്ങള്‍ അതു തിരിച്ചുപിടിക്കണം. ബംഗാളിലും ത്രിപുരയിലും നിന്ന് പഠിക്കേണ്ട പാഠങ്ങള്‍ പഠിക്കണം. അധികാരക്കുത്തക അഹന്തയുടെയും അഴിമതിയുടെയും ഹിംസയുടെയും ബീജമാണ് എന്നതാണ് അവയില്‍ പ്രധാനമായത്.

Tags:    
News Summary - assembly election 2021, vottezhuth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.