പിടിയിലായ പ്രതികൾ

വനിത കണ്ടക്ടർക്ക് നേരെ കൈയേറ്റം; രണ്ടുപേർ അറസ്റ്റിൽ

കോട്ടയം: കെ.എസ്.ആർ.ടി.സി ബസിൽ വനിത കണ്ടക്ടർക്ക് നേരെ കൈയേറ്റം. സ്വകാര്യബസ് ജീവനക്കാരായ രണ്ടുപേർ അറസ്റ്റിൽ. വടയാർ പുതിയത്ത് താഴ്ചയിൽ സാബു ഗോപി (47), വെള്ളൂർ ഐക്യരശ്ശേരിയിൽ അനന്തുപ്രസാദ് (30) എന്നിവരാണ് അറസ്റ്റിലായത്.ശനിയാഴ്ച രാത്രി വൈറ്റില-കോട്ടയം ബസിന്‍റെ അവസാന ട്രിപ്പിലാണ് സംഭവം. വനിത കണ്ടക്ടറാണ് വൈറ്റില-കോട്ടയം ബസിലുണ്ടാകുക.

8.15ന് വൈറ്റിലയിൽനിന്ന് പുറപ്പെട്ട് 10മണിക്കാണ് ബസ് കോട്ടയത്തെത്താറുള്ളത്. ശനിയാഴ്ച അൽപം വൈകി 8.40നാണ് ബസ് പുറപ്പെട്ടത്. വൈറ്റില ഹബിനു പുറത്തുനിന്നാണ് ഇവർ രണ്ടുപേരും മദ്യപിച്ച് കയറിയത്. ബസിലെ സ്ഥിരം യാത്രക്കാരും ഇതേ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറും കണ്ടക്ടറുമായ ഇവർ വനിത കണ്ടക്റോടു മോശമായി പെരുമാറുക പതിവായിരുന്നു. പലതവണ താക്കീത് നൽകിയിട്ടുള്ളതുമാണ്.

ടിക്കറ്റ് നൽകിയാലും പൈസ തരില്ല. അതിനായി പലതവണ ചോദിക്കണം. ശനിയാഴ്ചയും പതിവുപോലെ ടിക്കറ്റ് നൽകി. കുറച്ചുകഴിഞ്ഞാണ് പണം നൽകിയത്. തുടർന്ന് ഇവർ മൊബൈലിൽ വനിത കണ്ടക്ടറുടെ വിഡിയോ എടുത്തു. വിഡിയോ എടുക്കരുതെന്ന് വിലക്കിയപ്പോൾ അസഭ്യം പറഞ്ഞു. ഇതോടെ മറ്റു യാത്രക്കാർ ഇടപെട്ടു. ചോദ്യം ചെയ്ത യാത്രക്കാരനെ തല്ലി. ഇതുകണ്ട് പൊലീസിനെ വിളിക്കാൻ കണ്ടക്ടർ മൊബൈൽ എടുത്തു. ഉടൻ മൊബൈൽ തട്ടിപ്പറിച്ച് കണ്ടക്ടറുടെ കൈയിൽ പിടിച്ചുവലിച്ചു സീറ്റിലേക്കു തള്ളിയിട്ടു.

തുടർന്ന് ഇവരുടെ തോളിൽ പലതവണ അടിക്കുകയും ചെയ്തു. ഈ സമയം ബസ് നീർപ്പാറയിലെത്തിയിരുന്നു. ഉടൻ തലയോലപ്പറമ്പ് സ്റ്റേഷനിൽ ബസ് എത്തിച്ച് പരാതി നൽകി. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്റ്റേഷനിൽവെച്ചാണ് കണ്ടക്ടറുടെ മൊബൈൽ ഫോൺ തിരികെ നൽകിയത്. ബസ് ട്രിപ് തലയോലപ്പറമ്പിൽ അവസാനിപ്പിച്ചു. യാത്രക്കാരെ പുറകെവന്ന മറ്റൊരു ബസിൽ കയറ്റിവിട്ടു.

യാത്രക്കാരും ഇരുവർക്കുമെതിരെ സ്റ്റേഷനിൽ മൊഴി നൽകി. കോട്ടയം സ്വദേശിനിയായ കണ്ടക്ടർ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.പൊലീസ് നടപടികൾക്കുശേഷം രാത്രി ഒരുമണിയോടെ ബസ് കോട്ടയംവരെ സർവിസ് നടത്തി അവസാനിപ്പിച്ചു. പ്രതികൾ പല സ്വകാര്യബസുകളിലായി ജോലി ചെയ്യുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Assault on woman conductor; Two people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-20 01:20 GMT