​സ്വപ്നയുടെ വെളിപ്പെടുത്തലിനെ കുറിച്ചാണ് ചോദിച്ചത്; തന്നെ കൊണ്ടുപോയത് ബലം പ്രയോഗിച്ച് - സരിത്ത്

പാലക്കാട്: വിജിലൻസ് തന്നെ ബലമായി പിടിച്ചു കൊണ്ടുപോയതാണെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി പി.എസ് സരിത്ത്. ലൈഫ് മിഷൻ സംബന്ധിച്ച കേസാണ് തനിക്കെതിരെയുള്ളതെങ്കിലും സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് മാത്രമാണ് ചോദിച്ചതെന്നും സരിത്ത് പറഞ്ഞു. വിജിലൻസ് മൊഴിയെടുത്തു വിട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജിലൻസ് തന്നെ ബലം പ്രയോഗിച്ച് ​കൊണ്ടുപോവുകയായിരുന്നു. ഒരു സംഘം ആളുകൾ വീട്ടിലെത്തി സരിത്താണോ എന്ന് ചോദിക്കുകയും അതെ എന്ന് പറഞ്ഞപ്പോൾ പിടിച്ച് വലിച്ച് കൊണ്ട്പോവുകയുമായിരുന്നു. വണ്ടിയിൽ കയറ്റിയ ശേഷമാണ് വിജിലൻസ് ആണെന്ന് പറയുന്നത്. തനിക്ക് ഒരു നോട്ടീസും നൽകിയിട്ടില്ലെന്നും സരിത്ത് പറഞ്ഞു.

വിജിലൻസ് സംഘം വീട്ടിലെത്തുമ്പോൾ വീട്ടുജോലിക്കാരിയും സ്വപ്നയുടെ മകനുമാണ് കൂടെയുണ്ടായിരുന്നത്. അവർ വീടിനകത്തായിരുന്നു. താനാണ് വാതിൽ തുറന്നത്. അവരോട് പേലും പറയാൻ പറ്റിയില്ല. സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ചിട്ടില്ലെങ്കിൽ സ്വമേധയാ പോയതാണോ എന്ന കാര്യം മനസിലാകുമെന്നും സരിത്ത് കൂട്ടിച്ചേർത്തു.

സ്വപ്നയുടെ വെളിപ്പെടുത്തലിനെ കുറിച്ചാണ് തന്നോട് ചോദിച്ചത്. ആരുടെ നിർബന്ധപ്രകാരമാണ് സ്വപ്ന വാർത്താസമ്മേളനം നടത്തുന്നതെന്നും ആരാഞ്ഞു. ലൈഫ് മിഷൻ സംബന്ധിച്ച് ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല. ഒരു നോട്ടീസും തനിക്ക് ലഭിച്ചിട്ടില്ല. വിജിലൻസ് ഓഫീസിൽ 16 ാം തീയതി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇന്ന് ഒരു നോട്ടീസ് ലഭിച്ചിരുന്നു. തന്റെ ഫോൺ പിടിച്ചെടുത്തതിന്റെ നോട്ടീസ് വിജിലൻസ് ഓഫീസിൽ നിന്നും തന്നു. അല്ലാതെ മറ്റ് നോട്ടീസുകളൊന്നും ലഭിച്ചിട്ടില്ലെന്നും സരിത്ത് വ്യക്തമാക്കി.

നോട്ടീസ് നൽകാൻ വീട്ടിൽ പോയപ്പോൾ സരിത്ത് സ്വമേധയാ കൂടെ വന്നതാണെന്നായിരുന്നു നേരത്തെ വിജിലൻസ് മാധ്യമങ്ങളോട് പറഞ്ഞത്.

Tags:    
News Summary - Asked about the revelation of the Swapna suresh; Iwas taken away by force - Sarith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.