ത്രിപുരയിലെ 60 ശതമാനം ജനങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് മണിക് സർക്കാർ

അഗർത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാർ. സംസ്ഥാനത്തെ 60 ശതമാനം ജനങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് മണിക് സർക്കാർ പറഞ്ഞു.

ബി.ജെ.പി വിരുദ്ധ വോട്ടുകൾ വിഭജിക്കപ്പെട്ടു. ഇതിന് കാരണക്കാരായ പാർട്ടികളുടെ പേര് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും എന്‍റെ വീക്ഷണം വ്യക്തമാക്കുകയാണ് ചെയ്തതെന്നും മണിക് സർക്കാർ വ്യക്തമാക്കി.

മസിൽ പവറും മണി പവറും വലിയ വിഭാഗം മാധ്യമങ്ങളും ബി.ജെ.പിക്കൊപ്പമാണ്. കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫിസുകളെ തെറ്റായ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു. എണ്ണം കൊണ്ട് മാത്രമാണ് ബി.ജെ.പി ഭൂരിപക്ഷം ഉറപ്പാക്കിയത്. ഇത് അവർക്ക് ഗുണകരമാവില്ല. സി.പി.എമ്മും കോൺഗ്രസും തമ്മിൽ സഖ്യമുണ്ടായില്ലെന്നും സീറ്റ് ധാരണ മാത്രമാണെന്നും മണിക് സർക്കാർ വ്യക്തമാക്കി.

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ജനാധിപത്യം തകർക്കുകയാണ്. അഴിമതി വ്യാപിക്കുകയാണ്. തൃണമൂൽ നേതാക്കളുടെ ചെയ്തികൾ ആർക്കാണ് അറിയാത്തത്. തൃണമൂൽ വോട്ട് കിട്ടിയത് കൊണ്ടാണ് ബി.ജെ.പി രണ്ടോ മൂന്നോ സീറ്റുകളിൽ വിജയിച്ചത്. ബി.ജെ.പിയെ തൃണമൂൽ സഹായിച്ചെന്നും മണിക് സർക്കാർ ആരോപിച്ചു.

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ 32 സീറ്റിൽ വിജയിച്ചാണ് ബി.ജെ.പി തുടർഭരണം ഉറപ്പാക്കിയത്. ഏകദേശം 39 ശതമാനമാണ് പാർട്ടിയുടെ വോട്ട് വിഹിതം. തിപ്ര മോത പാർട്ടി 13 സീറ്റും സി.പി.എം 11 സീറ്റും കോൺഗ്രസ് മൂന്ന് സീറ്റും ഇൻഡിജനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര ഒരു സീറ്റും നേടി.

Tags:    
News Summary - Ask PM Modi why 60 pc electorate did not vote for BJP: Manik Sarkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.