കഴിഞ്ഞ ദിവസമാണ് ഹോട്ടൽ മുറിയിൽ വെച്ച് ഹൃദയാഘാതം മൂലം കലാഭവൻ നവാസ് അന്തരിച്ചത്. കലാഭവൻ നവാസിന്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും ആരാധകർക്കും വലിയ ഞെട്ടലുണ്ടാക്കിക്കൊണ്ടാണ് നവാസിനെ മരണം കവർന്നത്. കലാഭവൻ നവാസിന് നിരവധി പേർ ആദരാഞ്ജലിയർപ്പിച്ചു.
ഇതിനിടെ ഒരു ഉദ്ഘാടന ചടങ്ങിൽ കാണികൾക്ക് മോട്ടിവേഷൻ നൽകാനായി നവാസിന്‍റെ സഹപ്രവർത്തകനായ നടൻ ആസിഫ് അലി നടത്തിയ പരാമർശം വിവാദമായിരിക്കുകയാണ്. കലാഭവൻ നവാസിന്റെ മരണത്തെക്കുറിച്ച് ലാഘവത്തോടെ സംസാരിച്ചതിന് വ്യാപക വിമർശനമാണ് ആസിഫ് അലിക്ക് നേരെ ഉയർന്നിരിക്കുന്നത്. ആസിഫലി സംസാരിക്കുന്നതിന്‍റെ അടക്കം വിഡിയോ പങ്കുവെച്ചാണ് വിമർശനം.
ഈയൊരു അവസരത്തിൽ വേദിയിൽ ഇക്കാര്യം പറയാമോ എന്നറിയില്ല എന്നു പറഞ്ഞുകൊണ്ടാണ് ആസിഫലി തുടങ്ങുന്നത്. "ഞങ്ങളുടെ സഹപ്രവർത്തകനായിരുന്ന, പ്രിയപ്പെട്ടവനായിരുന്ന കലാഭവൻ നവാസിക്ക ഇന്നലെ രാത്രി മരണപ്പെട്ടു. വളരെ ഷോക്കിങ് ആയിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ സംഭവിക്കുമ്പോൾ എന്താണ് ഇനി നമ്മുടെ ലൈഫിലെന്ന് അറിയില്ല. കഴിഞ്ഞ കുറേ ദിവസം ഞങ്ങൾ ഒരുമിച്ച് ഷൂട്ടിങ് ലൊക്കേഷനിലുണ്ടായിരുന്നു. അന്ന് യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഇനി അദ്ദേഹത്തെ കാണില്ലെന്ന് അറിയില്ലായിരുന്നു. അപ്പോൾ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരേ കാര്യമേയുള്ളൂ. ഉള്ള സമയം അടിപൊളിയാക്കുക." കാണികൾ ഇത് കേട്ട് ആർത്ത് വിളിക്കുന്നതും കേൾക്കാം.
പക്ഷെ ഈ പരാമർശം സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ ചർച്ചയായി. നിരവധി പേരാണ് ആസിഫ് അലിയെ വിമർശിച്ചത്. സഹപ്രവർത്തകരിൽ ഒരാൾ മരിച്ചിട്ട് മണിക്കൂറുകളേ ആയുള്ളൂ, അതിനുള്ളിൽ ഇങ്ങനെ സംസാരിച്ച് മോട്ടിവേഷൻ നൽകാൻ എങ്ങനെ സാധിക്കുന്നു എന്നാണ് പലരും ചോദിച്ചത്.
ആദരാഞ്ജലി പറഞ്ഞില്ലെങ്കിലും ഇത്തരം മരണ വാർത്തകൾ പറഞ്ഞുകൊണ്ട് മോട്ടിവേഷൻ നൽകേണ്ടിയിരുന്നില്ല എന്നാണ് പലരും പറയുന്നത്.
കുറേ ദിവസം ഒരുമിച്ചുണ്ടായുരുന്ന ഒരാൾ മരിച്ചതിനെക്കുറിച്ച് എങ്ങനെ ഇങ്ങനെ സംസാരിക്കാൻ തോന്നുന്നെന്നും ചോദ്യങ്ങളുണ്ട്.
കുറച്ച് വിവേകം കാണിക്കാൻ ഉള്ള സമയം', 'പക്വതയില്ലാത്ത സംസാരം' എന്നിങ്ങനെയാണ് കമന്‍റുകൾ നീളുന്നത്. ഈ അവസരത്തിൽ ഇങ്ങനെ പറയാൻ പാടില്ലായിരുന്നു എന്നാണ് മിക്കവരും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.