കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിലെ പരിശോധനക്ക് പിന്നാലെ ജീവനക്കാരോട് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി. എക്സിക്യൂട്ടിവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡന്റ് എഡിറ്റര്‍ ഷാജഹാന് കാളിയത്ത്, റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ്, പെണ്‍കുട്ടിയുടെ അമ്മ എന്നിവര്‍ക്കാണ് ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
തിങ്കളാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടതെങ്കിലും നാലുപേരും ഹാജരായിട്ടില്ല. രണ്ടുപേർ ആരോഗ്യപ്രശ്നങ്ങൾ പൊലീസിനെ അറിയിച്ചതായാണ് വിവരം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവാർത്ത തയാറാക്കിയെന്ന പി.വി. അൻവർ എം.എൽ.എയുടെ പരാതിയിൽ വെള്ളയിൽ പൊലീസ് പോക്സോ, വ്യാജരേഖ ചമക്കൽ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസെടുത്തത്. ഞായറാഴ്ച അന്വേഷണസംഘം കോഴിക്കോട് പി.ടി. ഉഷ റോഡിലെ ഏഷ്യാനെറ്റ് റീജനൽ ഓഫിസിൽ നാലു മണിക്കൂറോളം പരിശോധന നടത്തിയിരുന്നു. ജില്ല ക്രൈം ബ്രാഞ്ച് അസി. കമീഷണർ വി. സുരേഷിന്റെ നേതൃത്വത്തിൽ നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷ്, വെള്ളയിൽ ഇൻസ്പെക്ടർ വി. ബാബുരാജ് എന്നിവരുൾപ്പെട്ട എട്ടംഗ സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. 2022 നവംബർ 10ന് ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണംചെയ്ത റിപ്പോർട്ടിൽ സ്കൂൾ വിദ്യാർഥിനിയുടേതായിവന്ന അഭിമുഖം വ്യാജമാണെന്നായിരുന്നു എം.എൽ.എയുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.