ആശ സമരം 18-ാം ദിവസം; നിയമസഭാ മാർച്ചിന് വിപുലമായ തയാറെടുപ്പ്

തിരുവനന്തപുരം: ആശാവർക്കർമാർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന രാപകൽ സമരത്തിൻ്റെ 18-ാം ദിവസം ജില്ലകളിലും സമര പരിപാടികൾ നടന്നു. സെക്രട്ടേറിയറ്റ് പടിക്കലെ സമരവേദിയിൽ പതിവുപോലെ പിന്തുണയുമായി നിരവധി പേർ എത്തി.

മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ. കുര്യൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരം, ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫ്, മുൻ എം.എൽ.എമാരായ ജോസഫ് എം. പുതുശ്ശേരി, ശരത്ചന്ദ്ര പ്രസാദ്, ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ, ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു, മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി ടി. പി. മുസ്തഫ, കേരള പ്രവാസി കോൺഗ്രസ് പ്രസിഡൻ്റ് എൽ. വി. അജയകുമാർ, വിളപ്പിൽശാല സമര നേതാവ് എൽ. ഹരിറാം, ന്യൂന പക്ഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അംജിത് അടൂർ, റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ നേതാവ് എം.വിഷ്ണു, ബി.ജെ.പി കാട്ടാക്കട മണ്ഡലം പ്രസിഡൻ്റ് ബാലകൃഷ്ണൻ, ഭാരതീയ ജവാൻ കിസാൻ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പ്രിൻസ് മാത്യു, ഭാരതീയ ജവാൻ കിസാൻ പാർട്ടി ജില്ലാ സെക്രട്ടറി മുരളി, മാറനല്ലൂർ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രൻ തുടങ്ങിയവർ എത്തി.

ആലപ്പുഴയിലും മലപ്പുറത്തും ജില്ലാതല സമരപരിപാടികൾ നടന്നു. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. ആലപ്പുഴ കളക്ട്രേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ സംഗമം ഡോ. കെ. എസ്. മനോജ് ഉദ്ഘാടനം ചെയ്തു. എ.ഐ.യു.ടി.യു.സി അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗം എസ്.സീതിലാൽ മുഖ്യപ്രസംഗം നടത്തി. അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ജെ ഷീല അധ്യക്ഷത വഹിച്ചു.

മലപ്പുറത്ത് നടന്ന സിവിൽ സ്റ്റേഷൻ മാർച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ലിസി തോമസ് അദ്ധ്യക്ഷത വഹിച്ചു.

മാർച്ച് മൂന്നിന്ന് ആശാ വർക്കർമാർ നടത്തുന്ന നിയമസഭാ മാർച്ചിന് എല്ലാ ജില്ലകളിലും വിപുലമായ തയാറെടുപ്പ് നടക്കുകയാണെന്നും മഹാസംഗമത്തെക്കാൾ വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും അസോസിഷേൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു പറഞ്ഞു

Tags:    
News Summary - Asha workers protest 18th day, assembly march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.