ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം മേയറാകും; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ

തിരുവനന്തപുരം: ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം കോർപറേഷൻ മേയറാകും. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച് ധാരണയായി. മുടവൻമുകൾ വാർഡിൽ നിന്നുള്ള അംഗമാണ് ആര്യാ രാജേന്ദ്രൻ.

ആര്യ തിരുവനന്തപുരം മേയറാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടമാണ് ആര്യക്കും തിരുവനന്തപുരത്തിനും സ്വന്തമാകുന്നത്.

നേരത്തെ മേയര്‍ സ്ഥാനത്തേക്ക് പല പേരുകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രന് നറുക്ക് വീണിരിക്കുന്നത്. യുവ വനിതാ നേതാവ്, പൊതുസമ്മതിയുള്ള മുഖം മേയറായി വരുന്നത് എല്ലാം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.

ആള്‍ സെയിന്റ്‌സ് കോളേജിലെ ബിഎസ്.സി മാത്‌സ് വിദ്യാർഥിനിയായ ആര്യ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

പേരൂർക്കട ഡിവിഷനിൽ നിന്ന് ജയിച്ച ജമീല ശ്രീധരന്‍റെ പേരാണ് മുൻപ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ സംഘടനാ രംഗത്തുള്ള പരിചയം ആര്യാ രാജേന്ദ്രന് തുണയാവുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.