ലേഖന വിവാദം: തരൂരിനെ അവഗണിക്കാൻ കോൺഗ്രസ്

തിരുവനന്തപുരം: ലേഖന വിവാദത്തിൽ ശശി തരൂരിനെ അവഗണിച്ച് മുന്നോട്ടുപോകാൻ കോൺഗ്രസ് നേതൃത്വം. രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിൽ ഉന്നയിച്ച വിഷയങ്ങളിൽ കാര്യമായ ഉറപ്പുകളൊന്നും തരൂരിന് ലഭിച്ചില്ലെന്നാണ് വിവരം. പ്രവർത്തക സമിതി അംഗവും മുതിർന്ന പാർലമെന്‍റ് അംഗവുമെന്ന നിലക്കുള്ള പരിഗണന സംഘടന സംവിധാനത്തിൽ കേരളത്തിലും ഡൽഹിയിലും ലഭിക്കുന്നില്ലെന്ന പരാതിയാണ് തരൂർ രാഹുൽ ഗാന്ധിക്ക് മുന്നിൽ പറഞ്ഞത്. ലേഖന വിവാദത്തിലൂടെ ഹൈക്കമാൻഡിൽ നേരിട്ട് കാര്യം പറയാൻ അവസരം ലഭിച്ചെന്നതിനപ്പുറം നേട്ടം തരൂരിനില്ല.

വ്യവസായ വകുപ്പിന്‍റെ നേട്ടത്തിൽ ഇടതുസർക്കാറിനെ പ്രകീർത്തിച്ചത് വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ സാധ്യതയെ കാര്യമായി പരിക്കേൽപിച്ചിട്ടുണ്ട്. പിണറായിയുടെ ഭരണപരാജയം സംബന്ധിച്ച ആക്ഷേപങ്ങൾക്ക് മറുപടിയായി തരൂരിന്‍റെ ലേഖനം എടുത്തുവെച്ചാൽ കോൺഗ്രസിന് മിണ്ടാനാകില്ല. ഇന്ത്യക്കാരെ വിലങ്ങുവെച്ച് നാടുകടത്തിയതിൽ ട്രംപിന് മുന്നിൽ വാ തുറക്കാത്ത മോദി രൂക്ഷമായി വിമർശിക്കപ്പെടുമ്പോഴാണ് ട്രംപ്-മോദി കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നതെന്ന് തരൂർ പ്രതികരിച്ചത്. കോൺഗ്രസിന്‍റെ താൽപര്യങ്ങൾ ബലികഴിച്ചുള്ള തരൂരിന്‍റെ സ്വതന്ത്ര അഭിപ്രായ പ്രകടനങ്ങളിൽ ഹൈകമാൻഡും സംസ്ഥാന നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. അതുകൊണ്ടുതന്നെ തരൂരിനെ അവഗണിച്ചുപോകാമെന്നത് നേതൃത്വത്തിന്‍റെ കൂട്ടായ നിലപാടാണ്. അതേസമയം, തരൂരിന്‍റെ തുടർനീക്കങ്ങൾ കോൺഗ്രസ് നിരീക്ഷിക്കുന്നുമുണ്ട്.

മറുചേരിയിലേക്ക് ചേക്കേറുന്നതിന്‍റെ സൂചനകൾ ഇതുവരെയില്ല. അത്തരം ആലോചനകളുടെ വിവരങ്ങളും പുറത്തുവന്നിട്ടില്ല. അതേസമയം, ഡി.വൈ.എഫ്.ഐക്കെതിരായ ഫേസ്ബുക്ക് പോസ്റ്റർ പിൻവലിച്ചത് ഉൾപ്പെടെ നടപടികളിലൂടെ കോൺഗ്രസ് നേതൃത്വവുമായുള്ള അതൃപ്തി തരൂർ പരസ്യമാക്കുന്നുമുണ്ട്.

Tags:    
News Summary - Article controversy: Congress to ignore Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.