കണ്ണൂർ: കേരളത്തിലെ സമസ്ത സംഘാടനത്തിെൻറ നേതൃശ്രേണിയിൽ പാണ്ഡിത്യത്തിെൻറ കരുത്തുകൊണ്ട് ഉലമാനിരയിൽ മുന്നിൽ നിൽക്കുന്നവരിൽ ആദരണീയനാണ് തളിപ്പറമ്പിൽ അന്തരിച്ച ചിത്താരി കെ.പി. ഹംസ മുസ്ലിയാർ. താജുല്‍ ഉലമ, ഖമറുല്‍ ഉലമ, നൂറുൽ ഉലമ വിശേഷണ ബഹുമതികളുടെ പട്ടികയിൽ ‘കൻസുൽ ഉലമ’യാണ് ചിത്താരി ഉസ്താദ്. നേതൃനിരയിൽ തങ്ങളുടെ സിംഹഗർജനങ്ങളിലൊന്നാണ് യാത്രയായതെന്ന് സുന്നി പ്രവർത്തകരും നേതാക്കളും പറയുന്നു. ചിത്താരിയുടെ മരണവിവരമറിഞ്ഞ് രാവിലെ മുതൽ ഏഴാം മൈലിലെ വസതിയിൽ ജനാസ കാണാൻ കുത്തൊഴുക്കായിരുന്നു. നാടുകാണിയിലെ മയ്യിത്ത് നമസ്കാരത്തിന് ആയിരക്കണക്കിന് സുന്നികളും ജീവിതത്തിെൻറ നാനാതുറകളിലുള്ളവരും പങ്കാളികളായി. സമസ്തയുടെ പിളർപ്പുവേളയിൽ പരേതനായ ഉള്ളാള്‍ തങ്ങള്‍, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ തുടങ്ങിയവരുടെ കൂടെ ഇറങ്ങിവന്ന പ്രമുഖരിൽ ഒരാളാണ് ചിത്താരി. തെൻറ ഉസ്താദ് കൂടിയായ കണ്ണിയത്ത് അഹ്മദ് മുസ്ലിയാരില്നിന്നായിരുന്നു സംഘടനാപ്രവര്‍ത്തനത്തിന് പ്രചോദനം നേടിയത്.
1965ല്‍ ദയൂബന്ദ് ദാറുല്‍ ഉലൂമില്‍നിന്ന് ബിരുദമെടുത്തശേഷം കഴിഞ്ഞ 50 വര്‍ഷത്തിലേറെയും മതവിദ്യാഭ്യാസ-പൊതുരംഗത്താണ് സേവനമർപ്പിച്ചത്. സാധാരണ സുന്നി നേതാക്കളുടെയും പ്രവർത്തകരുടെയും പേരിനോടൊപ്പം സ്ഥലനാമം ചേർത്ത് പറയുന്നത് അവരുടെ ജന്മഗ്രാമങ്ങളാണെങ്കിൽ കണ്ണൂർ ജില്ലയിലെ പട്ടുവം സ്വദേശിയായ ഹംസ മുസ്ലിയാർ കാസർകോട് ജില്ലയിലെ ‘ചിത്താരി’യായി അറിയപ്പെട്ടതുതന്നെ അദ്ദേഹം സ്ഥാപിച്ച ബന്ധങ്ങളുടെ വൈപുല്യത്തിെൻറ തെളിവാണ്. 10 വര്‍ഷത്തോളമേ കാസര്‍കോട് ചിത്താരിയില്‍ അദ്ദേഹം സേവനം ചെയ്തിരുന്നുള്ളൂ. പേക്ഷ, ആ നാടിനോട് ചേർത്ത നാമത്തിൽ ജീവിതാന്ത്യംവരെ അറിയപ്പെടുന്ന പണ്ഡിതനായി ഹംസ മുസ്ലിയാർ. 1971ല്‍ സമസ്ത അവിഭക്ത കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ ജോയൻറ് സെക്രട്ടറിയായി നേതൃരംഗത്തെത്തിയ ഹംസ മുസ്ലിയാർ സുന്നികള്‍ക്ക് സ്വന്തമായി സമന്വയ വിദ്യാഭ്യാസമെന്ന ആശയത്തിെൻറ കൂർമബുദ്ധികേന്ദ്രമായിരുന്നു.
പരേതരായ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്, പി.എ. അബ്ദുല്ല മുസ്ലിയാര്, എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് എന്നിവരോടൊപ്പം വിദ്യാഭ്യാസ വികസനപ്രവർത്തനങ്ങളിൽ ഹംസ മുസ്ലിയാരും പ്രവര്‍ത്തിച്ചു.കാസര്‍കോട് ജാമിഅ സഅദിയ്യ അറബിയ്യയുടെ സുവർണകാലം ആരംഭിച്ചത് ഹംസ മുസ്ലിയാരുടെ സാന്നിധ്യത്തിലാണ്. 1995വരെ അതിെൻറ ജനറല്‍ സെക്രട്ടറിയായിരുന്നു. 1972ലെ കാഞ്ഞങ്ങാട്ടെ ചരിത്രപ്രസിദ്ധമായ സമസ്ത അവിഭക്ത കണ്ണൂര്‍ ജില്ല സമ്മേളനത്തിെൻറ കാര്യദര്‍ശിയായി സംഘടനാരംഗത്ത് ഒരു പണ്ഡിതന് എങ്ങനെ ഉയർന്നുനിൽക്കാം എന്ന് അദ്ദേഹം തെളിയിച്ചു. കേരളത്തില്‍ ആദ്യമായി ശരീഅത്ത് കോളജുകളില്‍ പഠിക്കുന്ന മതവിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് എന്ന ആശയം നടപ്പിലാക്കിയത് ഇൗ സന്ദർഭത്തിലാണ്. 1989ല്‍ തളിപ്പറമ്പില്‍ അല്‍ മഖറു സുന്നിയ്യ സ്ഥാപിച്ചതും ചിത്താരിയുടെ കഴിവുകൊണ്ടാണ്. അല്‍മഖറിലെ അനാഥ പെണ്മക്കളുടെ അകമറിയുന്ന രക്ഷിതാവുകൂടിയായിരുന്നു ചിത്താരി. അവരുടെ പ്രിയപ്പെട്ട ഉസ്താദാണ് വിടപറഞ്ഞത്.
പണ്ഡിതനായി വളർന്ന കർഷകെൻറ പുത്രൻ
കണ്ണൂര്‍: പേരെടുത്ത കര്‍ഷകനായിരുന്ന പട്ടുവത്തെ അഹ്മദ്കുട്ടി വലിയ ഭൂസ്വത്തിെൻറ ഉടമയായിരുന്നു. സമ്പന്നമായ ആ ജീവിതത്തിനിടയിലും പണ്ഡിതനാവാൻ കഴിയാത്തതിെൻറ നഷ്ടം നികത്താനാണ് മകനെ ദർസിലേക്ക് വിട്ടത്. സുന്നികേരളത്തിെൻറ പ്രിയപ്പെട്ട പണ്ഡിതനായി വളർന്ന് ആ പിതാവിെൻറ സ്വപ്നമാണ് ചിത്താരി കെ.പി. ഹംസ മുസ്ലിയാരെന്ന ആദരണീയൻ യാഥാർഥ്യമാക്കിയത്.
പഴയങ്ങാടി മാപ്പിള യു.പി സ്കൂളില്‍നിന്നും പട്ടുവം യു.പി സ്കൂളില്നിന്നുമായി ഇ.എസ്.എസ്.എല്‍.സി പാസായ (പഴയ എട്ടാംക്ലാസ്) ഹംസ മുസ്ലിയാർക്ക് ഭൗതികരംഗത്തെ ഉന്നതവിദ്യ നല്‍കാനായിരുന്നു കുടുംബത്തിെൻറ പൊതുവെയുള്ള തീരുമാനം. പണ്ഡിതന്മാരെ വീട്ടിൽ വിളിച്ച് സൽക്കരിച്ചിരുന്ന പിതാവ് തെൻറ മകൻ പണ്ഡിതനായെങ്കിൽ എന്ന് അവരോട് ആഗ്രഹം പറഞ്ഞു. അങ്ങനെയാണ് ചിത്താരിയെ ദര്സീപഠനരംഗത്തേക്ക് കൊണ്ടുവരുന്നത്.
ഹംസ മുസ്ലിയാരുടെ മതവിജ്ഞാനമേഖലയിലെ തെൻറ ഉയര്‍ച്ചയെ കൂടുതല്‍ തുണച്ചത് മട്ടന്നൂര്‍ പി.എ. അബ്ദുല്ല മുസ്ലിയാരുടെയും കണ്ണിയത്ത് ഉസ്താദിെൻറയും ശിക്ഷണമാണ്. ഒരു മുതഅല്ലിമിനാവശ്യമായ ശീലങ്ങളും മാര്‍ഗങ്ങളും പകര്ന്നുനല്കിയത് പ്രധാനമായും അബ്ദുല്ല മുസ്ലിയാരായിരുന്നു. പി.എ ഉസ്താദിെൻറ കീഴിലെ ജീവിതം ദീനീതൽപരതയിലേക്കും പഠനതപസ്യയിലേക്കും അദ്ദേഹത്തെ നയിച്ചു. വാഴക്കാട് ദാറുല്‍ഉലൂം കേരളത്തിെൻറ വൈജ്ഞാനിക പ്രഭാകേന്ദ്രമായി പരിലസിച്ചിരുന്നകാലത്ത് കണ്ണിയത്തിന് പുറമെ വേറെയും മൂന്ന് ഉസ്താദുമാരുണ്ടായിരുന്നെങ്കിലും ഉയര്‍ന്ന കിതാബുകളെല്ലാം ഹംസ മുസ്ലിയാര് കണ്ണിയത്തില്നിന്നാണ് ഓതിയത്. ഒരു മുതവ്വല്‍ പഠനത്തിനാവശ്യമില്ലാത്ത പ്രമുഖ ഗ്രന്ഥങ്ങളെല്ലാം വാഴക്കാട്ടുനിന്നുതന്നെ ഹൃദിസ്ഥമാക്കി. കണ്ണിയത്തിെൻറ ദര്‍സിലെ തുടക്കക്കാരായ വിദ്യാര്‍ഥികള്‍ക്ക് കിതാബ് ഓതിക്കൊടുക്കാന്‍ അദ്ദേഹം ഹംസ മുസ്ലിയാരെ ഏല്പിച്ചിരുന്നു. മുസ്ലിംലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍, മര്‍കസ് കോംപ്ലക്സ് മാനേജര്‍ പി.ടി.സി. മുഹമ്മദലി മാസ്റ്റര്‍ മാവൂര്‍ തുടങ്ങിയവര്‍ അക്കാലത്ത് അദ്ദേഹത്തില്‍നിന്ന് പഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.