കന്യാസ്ത്രീകളുടെ അറസ്റ്റ്: രാജ്യത്തെ ന്യൂനപക്ഷ വേട്ടയുടെ തുടർച്ചയെന്ന് പി. മുജീബ്റഹ്മാൻ

കോഴിക്കോട്: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗ‍ഢിൽ മലയാളികളായ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതിൽ രൂക്ഷ വിമർശനവുമായി ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ്റഹ്മാൻ രംഗത്ത്. കന്യാസ്ത്രീകളെ അന്യായമായി ആൾകൂട്ട വിചാരണയ്ക്ക് ശേഷം അറസ്റ്റ് ചെയ്ത നടപടി വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള ഭരണകൂടത്തിന്‍റെ കയ്യേറ്റമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. രാജ്യത്താകമാനം തുടരുന്ന ന്യൂനപക്ഷ വേട്ടയുടെ തുടർച്ചയാണ് ചത്തീസ്ഗഢിലേത്. മതാചാരങ്ങൾ അനുഷ്ഠിക്കാനുള്ള ഭരണഘടനാ അവകാശം നിരാകരിക്കപ്പെടുന്നു. കേന്ദ്ര, ചത്തീസ്ഗഢ് സർക്കാറുകളുടെ ഫാഷിസ്റ്റ് നടപടിക്കെതിരെ എല്ലാവരും രംഗത്തുവരേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കുറിപ്പിന്‍റെ പൂർണരൂപം

ഛത്തീസ്ഗഢിൽ അന്യായമായി കന്യാസ്ത്രീകളെ ആൾകൂട്ട വിചാരണയ്ക്ക് ശേഷം അറസ്റ്റ് ചെയ്ത നടപടി വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള ഭരണകൂടത്തിന്‍റെ കയ്യേറ്റമാണ്. അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് ഉടൻ നീതി ലഭ്യമാക്കണം. രാജ്യത്താകമാനം തുടരുന്ന ന്യൂനപക്ഷ വേട്ടയുടെ തുടർച്ചയാണ് ചത്തീസ്ഗഢ് പൊലീസിന്‍റെ നടപടി. സ്വന്തം മതാചാരങ്ങൾ അനുഷ്ഠിക്കാനുള്ള ഭരണഘടനാ അവകാശമാണ് നിരാകരിക്കപ്പെടുന്നത്. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മത ന്യൂനപക്ഷങ്ങൾക്കെതിരെ നടപടിയെടുക്കുന്നതും പ്രചാരണം നടത്തുന്നതും ഇതാദ്യമല്ല. രാജ്യത്തിന്‍റെ പല ഭാഗത്തും ഇതാവർത്തിക്കുന്നു. കേന്ദ്ര, ചത്തീസ്ഗഢ് സർക്കാറുകളുടെ ഫാഷിസ്റ്റ് നടപടിക്കെതിരെ എല്ലാവരും രംഗത്തുവരേണ്ട സന്ദർഭമാണിത്.

അതേസമയം കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതിൽ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയനേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്ന്‌ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടതിനു പിന്നാലെ കോൺഗ്രസ്‌ അടക്കമുള്ള പ്രതിപക്ഷകക്ഷികൾ സംഭവത്തെ അപലപിച്ചു. സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ സിസ്റ്റർമാരായ വന്ദന, പ്രീതി എന്നിവരെയാണ്‌ ഛത്തീസ്‌ഗഢിൽ അറസ്റ്റുചെയ്തത്‌.

ഒരു പറ്റം ബജ്റംഗ്‌ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഞായറാഴ്ചയായതിനാൽ ജാമ്യാപേക്ഷ നൽകാനായിട്ടില്ല. തിങ്കളാഴ്ച ഇതിനുള്ള നടപടികളുണ്ടാകും. കന്യാസ്ത്രീകൾ കൂട്ടിക്കൊണ്ടുപോകാനെത്തിയ പെൺകുട്ടികളുടെ രക്ഷിതാക്കളുടെ സമ്മതപത്രം ഉണ്ടായിരുന്നുവെന്നും പെൺകുട്ടികൾ 18 വയസ്സ് പൂർത്തിയായവരാണെന്നും കാതലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) വ്യക്തമാക്കി. ഇതൊക്കെ അവഗണിച്ചാണ് അറസ്റ്റ് ചെയ്തതെന്നും കന്യാസ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്നും സി.ബി.സി.ഐ ആവശ്യപ്പെട്ടു.

Tags:    
News Summary - Arrest of nuns: P Mujeeburahman says it is a continuation of the persecution of minorities in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.