വീട്ടിൽ 70ഓളം നായ്ക്കൾ, പൊലീസുകാരിയുടെ നായ് പ്രേമം കാരണം പുറത്തിറങ്ങാനാകാതെ നാട്ടുകാർ

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥയുടെ നായ്ക്കളോടുള്ള ഇഷ്ടം നാട്ടുകാർക്ക് തലവേദനയാകുന്നു. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ മെറ്റിൽഡ എന്ന ഉദ്യോഗസ്ഥക്കെതിരായാണ് പ്രദേശവാസികൾ പരാതി നൽകിയത്.

ചെങ്കോട്ടുകോണം മടവൂർ പാറയിലെ ഇവരുടെ വീട്ടിലും പരിസരത്തുമായി 70ഓളം തെരുവുനായ്ക്കളേയാണ് ഇവർ സംരക്ഷിച്ച് പോരുന്നത്. നായ്ക്കൾ കാരണം സമീപവാസികൾക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണെന്നാണ് പരാതി. രാത്രിയിൽ നായ്ക്കളുടെ ഓരിയിടലും റോഡിലൂടെയുള്ള ഇവരുടെ സ്വൈര്യവിഹരവും നാട്ടുകാരുടെ ഉറക്കംകെടുത്തുകയാണ്.

ഇവരുടെ തൊട്ടടുത്ത് താമസിക്കുന്ന രമ്യ എർ.എം എന്ന യുവതിക്ക് നായ്ക്കൾ കാരണം സ്വന്തം വീട്ടിലേക്ക് കയറാൻ പോലും പറ്റുന്നില്ലെന്നാണ് പരാതി. പ്രധാന റോഡിലൂടെ പോലും നടക്കാനാകാത്ത സ്ഥിതിയാണെന്നും വീട്ടിലെ കുട്ടികളെ പോലും പേടിച്ചിട്ട് പുറത്തേക്ക് വിടാറില്ലെന്നും പറയുന്നു.

ഒറ്റയ്ക്ക് താമസിക്കുന്ന മെറ്റിൽഡയുടെ വീട്ടിന്റെ മുറ്റത്തും റോഡിലും ടെറസിലും നായ്ക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തൊട്ടടുത്ത വീട്ടിൽ ഇത്രയധികം നായ്ക്കളുള്ളതോടെ പേടികാരണം ഓൺലൈൻ ഡെലിവറി ഏജന്റുമാരോ ഇലക്ട്രിസിറ്റി റീഡിങ് എടുക്കാനോ പോലും ആരും വീട്ടിലേക്ക് വരുന്നില്ലെന്നാണ് പരാതി. പൊലീസിലും തിരുവനന്തപുരം കോർപ്പറേഷനിലും മനുഷ്യാവകാശ കമീഷനിലും ഓംബുഡ്‌സ്മാനും 2024 മുതൽ പരാതി നൽകിയിട്ടും ഇതുവരെ യാതൊരു പരിഹാര നടപടിയും ഉണ്ടായിട്ടില്ലെന്നും രമ്യ പറയുന്നു.

അതേസമയം, നായ്ക്കൾ തനിയെ പെറ്റ് പെരുകിയതാണെന്നും വേണമെങ്കിൽ കോർപ്പറേഷൻ നായ്ക്കളെ കൊണ്ടുപോയിക്കോട്ടെ എന്നുമാണ് മെറ്റിൽഡ പറയുന്നത്. എന്നാൽ മെറ്റിൽഡ ഇറച്ചിക്കടയിൽ നിന്ന് മാലിന്യം വാങ്ങി നായ്ക്കൾക്ക് നൽകുന്നുണ്ടെന്നും രണ്ടുവർഷം മുൻപ് മൂന്ന് നായ്ക്കൾ മാത്രമുണ്ടായിരുന്ന ഇവിടെ എഴുപതോളം നായ്ക്കളാണുള്ളതെന്നും നാട്ടുകാർ പറയുന്നു. 

Tags:    
News Summary - Around 50 dogs in policewoman's house; locals complain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.