സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം; കെ.എസ്.ആർ.ടി.സി ബസ് ഉപയോഗിച്ച് കാർ ഇടിച്ചുനീക്കി

കോട്ടയം: നട്ടാശ്ശേരിയിൽ കെ.എസ്.ആർ.ടി.സി ബസിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം. മുന്നിൽ തടസമായ കാർ, കെ.എസ്.ആർ.ടി.സി ബസ് ഉപയോഗിച്ച് ഡ്രൈവർ ഇടിച്ചുനീക്കി. ഇന്നലെ രാത്രി ഒമ്പത് മണിയോടെ നട്ടാശ്ശേരി എം.സി റോഡിലാണ് സംഭവം നടന്നത്.

ഏറ്റുമാനൂരിൽനിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. ബസിന് പിന്നാലായി അതേദിശയിൽ തന്നെയാണ് കാറും സഞ്ചരിച്ചിരുന്നത്. കാർ ഡ്രൈവർ സൈഡ് ലഭിക്കുന്നതിന് ഹോൺ മുഴക്കിയെങ്കിലും ബസ് മാറിക്കൊടുത്തില്ല. തുടർന്ന് കാർ ഓവർടേക്ക് ചെയ്ത് മുന്നിൽ കയറി. ഉടനെ കെ.എസ്.ആർ.ടി.സി ബസ് സൈഡിനായി ഹോൺ അടിച്ചുകൊണ്ടിരുന്നു. എന്നാൽ, കാർ ഡ്രൈവർ സൈഡ് നൽകിയില്ല. തുടർന്ന്, ബസ് ഓവർടേക്ക് ചെയ്ത് കാറിന് മുന്നിൽ കയറുകയായിരുന്നു.

നട്ടാശ്ശേരി എത്തിക്കഴിഞ്ഞപ്പോൾ കെ.എസ്.ആർ.ടി.സി ബസിനെ ഓവർടേക്ക് ചെയ്ത് കാർ ഡ്രൈവർ മുന്നിൽ നിർത്തുകയും തുടർന്ന് കാറിലുണ്ടായിരുന്ന കോട്ടയം സ്വദേശികൾ പുറത്തിറങ്ങി ബസ് ഡ്രൈവറെ ചോദ്യം ചെയ്യുകയും ഇരുകൂട്ടരും വാക്കേറ്റമുണ്ടാവുകയും ചെയ്തു. ശേഷം കെ.എസ്.ആർ.ടി.സി ഡ്രൈവർ ബസ് മുന്നോട്ട് എടുക്കാൻ ശ്രമിച്ചപ്പോഴാണ് കാറിൽ ഇടിച്ചതും കാർ കുറച്ചുദൂരം മുന്നോട്ട് പോയതും.

അപകടകരമായ രീതിയിൽ ബസ് ഓടിച്ചുവെന്ന് ആരോപിച്ച് കോട്ടയം സ്വദേശികൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. ട്രിപ്പ് മുടക്കിയെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവറും ഇതേ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ. പരാതികളിൽ പൊലീസ് നിലവിൽ കേസെടുത്തിട്ടില്ല. പരാതി നൽകിയ ശേഷം കെ.എസ്.ആർ.ടി.സി ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി. കാറിലുണ്ടായിരുന്നവർ തന്നെ മർദിച്ചുവെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.

നിലവിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടറെയും ഡ്രൈവറെയും കാറിൽ സഞ്ചരിച്ച കോട്ടയം സ്വദേശികളെയും ഗാന്ധിനഗർ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. സത്യാവസ്ഥ എന്താണെന്ന് ചോദിച്ചു മനസ്സിലാക്കിയ ശേഷം കേസ് എടുക്കാനാണ് പൊലീസിന്റെ തീരുമാനം.

Tags:    
News Summary - Argument over not giving way; KSRTC bus rams car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.