അധ്യാപക നിയമനാംഗീകാരം വൈകല്‍: ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രിയും ഡി.പി.ഐയും

തിരുവനന്തപുരം: അധ്യാപകരുടെ നിയമനാംഗീകാരം അനാവശ്യമായി വൈകിപ്പിക്കുന്ന വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വടിയെടുത്ത് മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും. നിസ്സാരകാരണങ്ങള്‍ പറഞ്ഞ് നിയമനാംഗീകാരം വൈകിപ്പിക്കുന്നത് അംഗീകരിക്കാനാവില്ളെന്നും ഇത്തരം ഉദ്യോഗസ്ഥര്‍ ശിക്ഷാര്‍ഹരാണെന്നും മന്ത്രി സി. രവീന്ദ്രനാഥും ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറും വ്യക്തമാക്കി. മന്ത്രിയുടെ നിര്‍ദേശത്തെതുടര്‍ന്ന് നിയമനാംഗീകാര ഫയലുകളില്‍ തീര്‍പ്പുകല്‍പിക്കുന്നതിന് സമയക്രമം നിശ്ചയിച്ച് ഡി.പി.ഐ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

എയ്ഡഡ് സ്കൂളുകളില്‍ വര്‍ഷങ്ങളായി ജോലിചെയ്യുന്ന അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും തടയുന്ന സാഹചര്യത്തിലാണ് പ്രശ്നത്തില്‍ മന്ത്രി ഇടപെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ 31നകം നിയമനാംഗീകാര ഫയലുകളില്‍ തീര്‍പ്പുകല്‍പിക്കണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് വ്യക്തത വരുത്തുകയും ചെയ്തു. എന്നിട്ടും ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തില്‍ പ്രശ്നത്തില്‍ കര്‍ശനനടപടികള്‍ക്കായി മന്ത്രി ഡി.പി.ഐക്ക് കുറിപ്പ് നല്‍കി. അര്‍പ്പിതമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിയമപരമായ ബാധ്യതയാണെന്നും അത് ചെയ്യാത്തവര്‍ വകുപ്പിന് ഭൂഷണമല്ളെന്നും മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി. ഇതേതുടര്‍ന്ന് നവംബര്‍ 30നകം ഫയലുകളില്‍ തീര്‍പ്പുകല്‍പിക്കാന്‍ ഡി.പി.ഐ നിര്‍ദേശം നല്‍കി. എന്നാല്‍, പല ഓഫിസര്‍മാരും ഇത് പ്രാവര്‍ത്തികമാക്കിയില്ല. തുടര്‍ന്ന് വീണ്ടും മന്ത്രി ഇടപെട്ടു. തസ്തിക നിര്‍ണയം ഉള്‍പ്പെടെ അപ്പീലുകള്‍ തീര്‍പ്പാക്കാനും സമയക്രമം തീരുമാനിക്കാനും അദാലത്തുകള്‍ നടത്താന്‍ മന്ത്രി നിര്‍ദേശിച്ചു.

ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫിസുകളില്‍ ശേഷിക്കുന്ന നിയമനാംഗീകാര ഫയലുകളില്‍ ജനുവരി 21നകം തീര്‍പ്പുകല്‍പിക്കണമെന്നാണ് പുതിയ നിര്‍ദേശം. ജില്ല വിദ്യാഭ്യാസ ഓഫിസുകളില്‍ നിലനില്‍ക്കുന്ന അപ്പീലുകളില്‍ ജനുവരി 31നകം തീരുമാനമെടുത്ത് ഉത്തരവ് പുറപ്പെടുവിക്കണം. ഇതിനായി ജനുവരി 23 മുതല്‍ 31വരെ എല്ലാ ജില്ല വിദ്യാഭ്യാസ ഓഫിസുകളിലും അദാലത്ത് സംഘടിപ്പിക്കണം. അദാലത്തില്‍ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. ഫെബ്രുവരി 15നകം എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസുകളിലും അദാലത്തുകള്‍ നടത്തി നിയമനാംഗീകാര, തസ്തികനിര്‍ണയ അപ്പീലുകളില്‍ തീരുമാനമെടുക്കണമെന്നും ഡി.പി.ഐയുടെ സര്‍ക്കുലറിലുണ്ട്.

ഡയറക്ടറേറ്റില്‍ നിലിനില്‍ക്കുന്ന നിയമനാംഗീകാര, തസ്തികനിര്‍ണയ റിവിഷന്‍ ഹരജികളില്‍ തീരുമാനമെടുക്കാനുള്ള അദാലത്ത് ഫെബ്രുവരി മൂന്നാംവാരത്തില്‍ നടക്കും. നിശ്ചിതതീയതിക്ക് ശേഷം ബന്ധപ്പെട്ട ഓഫിസുകളില്‍ തീര്‍പ്പാകാത്ത നിയമനാംഗീകാരത്തിന്‍െറ ഒരു ഫയല്‍ പോലും അവശേഷിക്കരുതെന്ന മുന്നറിയിപ്പും ഡി.പി.ഐ നല്‍കിയിട്ടുണ്ട്. 

Tags:    
News Summary - approval of teacher's appointment: education minister against officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.