വി.സി നിയമനം: ഓർഡിനൻസ് ബില്ലായി കൊണ്ടുവന്നേക്കും

തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലറായ ഗവർണറുടെ അധികാരങ്ങൾ കവരാൻ ലക്ഷ്യമിടുന്ന ഓർഡിനൻസിന് പകരം നിയമസഭയിൽ ബിൽ കൊണ്ടുവരുന്നത് സർക്കാർ പരിഗണനയിൽ. ഇക്കാര്യത്തിൽ പിറകോട്ടുപോകേണ്ടതില്ലെന്നാണ് സർക്കാർതലത്തിലെ ധാരണ. അന്തിമ തീരുമാനമായാൽ ഈ മാസം 22നു തുടങ്ങുന്ന നിയമസഭ സമ്മേളനത്തിൽ ബിൽ കൊണ്ടുവരും.

സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്ന നീക്കം തിരിച്ചറിഞ്ഞ രാജ്ഭവൻ കേരള സർവകലാശാലയിൽ ഒഴിവുവരുന്ന വി.സി പദവിയിയിൽ നിയമനത്തിന് നേരത്തേതന്നെ സെർച് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. പുതുക്കാനായി സർക്കാർ അയച്ച 11 ഓർഡിനൻസുകൾ ഗവർണർ ഒപ്പുവെക്കാതെ വന്നതോടെ റദ്ദാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഓർഡിനൻസുകൾ ബില്ലായി കൊണ്ടുവന്ന് നിയമമാക്കാൻ 22 മുതൽ നിയമസഭ സമ്മേളനം ചേരാൻ തീരുമാനിച്ചത്.

ഈ സമ്മേളനത്തിൽതന്നെ വി.സി നിയമനവുമായി ബന്ധപ്പെട്ട ഓർഡിനൻസ് ബില്ലായി കൊണ്ടുവരുന്നതാണ് പരിഗണനയിലുള്ളത്.വി.സിയെ കണ്ടെത്താനുള്ള മൂന്നംഗ സെർച്-കം സെലക്ഷൻ കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധിയെ സർക്കാർ ശിപാർശ പ്രകാരം നിയമിക്കണമെന്നാണ് സർവകലാശാല നിയമപരിഷ്കരണ കമീഷൻ ശിപാർശ ചെയ്തത്.

ഇതിനു പുറമെ ഭൂരിപക്ഷം അംഗങ്ങൾ സമർപ്പിക്കുന്ന പാനൽ കമ്മിറ്റിയുടെ ഔദ്യോഗിക പാനലായി ഗവർണർക്ക് സമർപ്പിക്കണമെന്നും ശിപാർശയുണ്ടായിരുന്നു. ഈ രണ്ടു ശിപാർശകളാണ് അടിയന്തരമായി ഓർഡിനൻസായി കൊണ്ടുവരാൻ സർക്കാർ ലക്ഷ്യമിട്ടത്.നിലവിൽ മൂന്നംഗ സെർച് കമ്മിറ്റിക്ക് ഐകകണ്ഠ്യേനയോ വെവ്വേറെയോ പേരുകൾ നിർദേശിച്ച് പാനൽ സമർപ്പിക്കാം.

ഇതിൽനിന്ന് ഗവർണർക്ക് വി.സിയെ നിയമിക്കാം.കമീഷൻ ശിപാർശ പ്രകാരം മൂന്നംഗ കമ്മിറ്റിയിലെ രണ്ടുപേർ സമാന പാനൽ സമർപ്പിച്ചാൽ ഔദ്യോഗിക പാനലായി മാറുകയും അതുമാത്രം ഗവർണറുടെ പരിഗണനക്ക് അയക്കുകയും വേണം. ഓർഡിനൻസ് നീക്കമറിഞ്ഞതോടെയാണ് സർവകലാശാല പ്രതിനിധിയെ ഒഴിച്ചിട്ട് ചാൻസലറുടെയും യു.ജി.സിയുടെയും പ്രതിനിധിയെ ഉൾപ്പെടുത്തി കേരള വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി രാജ്ഭവൻ അടിയന്തരമായി രൂപവത്കരിച്ച് വിജ്ഞാപനമിറക്കിയത്. 

Tags:    
News Summary - Appointment of VC: May be introduced as an Ordinance Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.