മനുഷ്യാവകാശ കമീഷന്‍ ചെയര്‍പേഴ്‌സൻ നിയമനം: ജനാധിപത്യ വിരുദ്ധവും ദുരൂഹവുമാണെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ചെയര്‍പേഴ്‌സൻ നിയമനം ജനാധിപത്യ വിരുദ്ധവും ദുരൂഹവുമാണെന്ന് പ്രതിപക്ഖ നേതാവ് വി.ഡി സതീശൻ. കേരള ഹൈക്കോടതി റിട്ട.ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സനാക്കാനുള്ള നിർദേശം ശക്തമായി എതിര്‍ക്കുന്നുവെന്ന് വിയോജനക്കുറിപ്പിലൂടെവി.ഡി സതീശൻ അറിയിച്ചു.

നിലവിലുള്ള കീഴ് വഴക്കങ്ങള്‍ അനുസരിച്ച് അര്‍ഹരായവരുടെ പേരും അനുബന്ധ വിവരങ്ങളും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള മറ്റ് അംഗങ്ങളെ അറിയിച്ച് അവരുടെ അഭിപ്രായം ആരാഞ്ഞ ശേഷമെ മനുഷ്യാവകാശ കമീഷന്‍ ചെയര്‍പേഴ്‌സനെ തെരഞ്ഞെടുക്കാറുള്ളൂ. എന്നാല്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ സമിതി അംഗമായ തനിക്ക് അര്‍ഹരായവരുടെ പേരും അനുബന്ധ വിവരങ്ങളും മുന്‍കൂട്ടി ലഭിച്ചില്ല. തികച്ചും ഏകപക്ഷീയമായി ഒരു പേര് മാത്രം യോഗത്തില്‍ അറിയിച്ചത് ജനാധിപത്യ വിരുദ്ധവും ദുരൂഹവുമാണെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് എസ്. മണികുമാര്‍ കേരള ഹൈക്കേടതിയില്‍ ചീഫ് ജസ്റ്റിസായിരുന്ന കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍, മനുഷ്യാവകാശ കമീഷന് ആവശ്യമായ രീതിയില്‍ നിഷ്പക്ഷവും നീതിയുക്തവുമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്ന ഉത്കണ്ഠയുണ്ട്. വിശദ വിവരങ്ങള്‍ പോലും മുന്‍കൂട്ടി നല്‍കാതെ സര്‍ക്കാര്‍ ഏകപക്ഷീയമായെടുത്ത തീരുമാനം ഈ സംശയം ബലപ്പെടുത്തുകയാണ്. റിട്ട. ജസ്റ്റിസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ചെയര്‍പേഴ്‌സണായി നിയമിക്കാനുള്ള തീരുമാനം അടിച്ചേല്‍പ്പിച്ചത് അംഗീകരിക്കാനാകില്ല.

മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ടതായ ഉന്നത സ്ഥാനത്തേക്ക് ജനാധിപത്യ മൂല്യങ്ങള്‍ ഹനിച്ചുകൊണ്ട് എടുക്കുന്ന തീരുമാനത്തില്‍ പ്രതിപക്ഷ നേതാവ് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി.

Tags:    
News Summary - Appointment of Human Rights Commission Chairperson: VD Satheesan says it is anti-democratic and mysterious

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.