ശ്രീകേരളവർമയിലെ അതിഥി അധ്യാപക നിയമനം; സർക്കാർ നിർദേശത്തിനുശേഷം തുടർനടപടിക്ക് തീരുമാനം

തൃശൂർ: ശ്രീകേരളവർമ കോളജിലെ വിവാദ അധ്യാപക നിയമനത്തിൽ പന്ത് സർക്കാറിന്റെ കോർട്ടിലേക്ക് വിട്ട് കോളജ് മാനജ്മെന്റായ കൊച്ചിൻ ദേവസ്വം ബോർഡ്. അതിഥി അധ്യാപക നിയമനത്തിനുള്ള റാങ്ക് ലിസ്റ്റിൽ സർക്കാർ തീരുമാനത്തിനുശേഷം തുടർനടപടികളിലേക്ക് കടക്കാൻ മാനേജ്മെന്റും അധ്യാപക പ്രതിനിധികളും വിദ്യാർഥിപ്രതിനിധികളും പങ്കെടുത്ത യോഗം തീരുമാനിച്ചു.

വിദ്യാർഥികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ പൊളിറ്റിക്കൽ സയൻസ് വകുപ്പിലെ സ്ഥിരം റിസർച് സ്കോളേഴ്സിനെ താൽക്കാലികമായി നിയോഗിക്കുമെന്നും ഇതിന് പ്രിൻസിപ്പലിന് നിർദേശം നൽകിയെന്നും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ പറഞ്ഞു.

അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബറിൽ എസ്.എഫ്.ഐ സമരം നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് അധ്യാപക പ്രതിനിധികളെയും വിദ്യാർഥി പ്രതിനിധികളെയും വിളിച്ചുചേർത്ത് ബോർഡ് ആസ്ഥാനത്ത് യോഗം ചേർന്നത്. പൊളിറ്റിക്കൽ സയൻസ് വകുപ്പിൽ അതിഥി അധ്യാപകരില്ലാത്തത് പോരായ്മയായിരുന്നു. നിയമനത്തിന് ഇൻറർവ്യൂ കഴിഞ്ഞ് റാങ്ക് പട്ടിക തയാറാക്കിയിരുന്നു.

സെപ്റ്റംബറിലാണ് നിയമനം നടത്തേണ്ടത്. ഇതിനിെടയാണ് നിയമനം സംബന്ധിച്ച പരാതികളുയർന്നത്. മാനേജ്മെന്റിനും സർക്കാറിനും പരാതി ലഭിച്ചു. ഇതിന് സർക്കാർ നിയോഗിച്ച സമിതി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതിൽ സർക്കാർ തീരുമാനം വന്നശേഷം തുടർ നടപടികളെടുക്കും. അതേസമയം, അധ്യയനവർഷം അവസാനിക്കാനിരിക്കെ കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ വകുപ്പിലെ സ്ഥിരം റിസർച് സ്കോളേഴ്സിന്റെ സേവനം ഉപയോഗപ്പെടുത്തും.

മാനേജ്മെന്റ് നിർദേശം പ്രിൻസിപ്പൽ മുഖേന വകുപ്പിന് കൈമാറും. ബോർഡ് നിർദേശം അധ്യാപകർക്കും വിദ്യാർഥി പ്രതിനിധികൾക്കും സ്വീകാര്യമായതോടെ കോളജിലെ അതിഥി അധ്യാപക നിയമനം സംബന്ധിച്ച വിവാദത്തിൽ താൽക്കാലിക പരിഹാരമായി.

അതേസമയം, മുൻ എസ്.എഫ്.ഐ നേതാവിനെ നിയമിക്കാൻ ഒന്നാം റാങ്കുകാരിയോട് പിന്മാറാൻ സമ്മർദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന ആരോപണത്തിൽ ബോർഡ് ഇടപെടില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി. മറ്റൊരു ജോലി ലഭിച്ചതിനാൽ കേരളവർമയിലെ ജോലിയിൽ പ്രവേശിക്കില്ലെന്ന് ഒന്നാം റാങ്കുകാരി മാനേജ്മെന്റിന് കത്ത് നൽകിയിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തിയെന്നോ സമ്മർദത്തിലാക്കിയെന്നോ സംബന്ധിച്ച പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പ്രസിഡന്റ് വി. നന്ദകുമാർ പറഞ്ഞു.

Tags:    
News Summary - Appointment of guest teachers in Sri Keralavarma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.