നിലമ്പൂർ: നിലമ്പൂർ മേഖലയിലെ വന്യമൃഗങ്ങളുടെ ശല്യം സഹിക്കാൻ കഴിയാത്ത ജനങ്ങൾ, അതൊന്നും പരിഹരിക്കാത്ത ഈ സർക്കാറിന്റെ ശല്യം തീർക്കാൻ കാത്തിരിക്കുകയാണെന്നും നിലമ്പൂരിൽ ഭരണമാറ്റമുണ്ടാകുമെന്നും ഷാഫി പറമ്പിൽ എം.പി പറഞ്ഞു.
യു.ഡി.എഫിന് അനുകൂലമായ ജനങ്ങളുടെ തീരുമാനത്തിന് തടസമാകാൻ പോകുന്ന ഒരു ഘടകവും നിലമ്പൂരിൽ കാണുന്നില്ലെന്നും നിലമ്പൂരിലെ ജനങ്ങൾക്ക് കൃത്യമായ രാഷ്ട്രീയ ബോധമുണ്ടെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പി.വി അൻവറിനെ കണ്ട വിഷയത്തിലും ഷാഫി പ്രതികരിച്ചു. രാഹുൽ സ്വന്തം ഇഷ്ടപ്രകാരം പോയി കണ്ടതാണെന്ന് രാഹുൽ തന്നെ പറഞ്ഞിട്ടുണ്ട്. താൻ മനസിലാക്കിയിടത്തോളം കാണണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയതാണ്. രാഹുലും മുന്നണി നേതൃത്വവും കാര്യങ്ങൾ വ്യക്തമാക്കിയതാണെന്നും ആ വിഷയം അവിടെ അവസാനിച്ചെന്നു ഷാഫി പറഞ്ഞു.
ഇനിയുള്ള ദിവസങ്ങൾ രാഷ്ട്രീയം പറയാനുള്ള ദിവസങ്ങളാണ്. ആ പറയുന്ന കാര്യങ്ങൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനുള്ള ദിവസങ്ങളാണ്. തെല്ലും അഹങ്കാരമില്ലാതെ തികഞ്ഞ ആത്മവിശ്വസത്തിലാണ് യു.ഡി.എഫ്. അത് ജനങ്ങൾ നൽകുന്ന ആത്മവിശ്വാസമാണെന്നും ഷാഫി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് പിണറായിസം അവസാനിപ്പിച്ച് ഒരു മാറ്റമുണ്ടാക്കാൻ കഴിയുന്ന ഏക മുന്നണി ഐക്യ ജനാധിപത്യ മുന്നണിയാണെന്നും ആളുകൾ അനുഭവിക്കുന്ന പ്രയാസങ്ങളിൽ പരിഹാരമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ കൂടെയുണ്ടാകുമെന്നും ഷാഫി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.