‘നിലമ്പൂരിലെ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരം’; എൽ.ഡി.എഫ് നിലപാട് തള്ളി പന്ന്യൻ രവീന്ദ്രൻ

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന എൽ.ഡി.എഫ് നിലപാട് തള്ളി മുതിർന്ന സി.പി.എം നേതാവ് പന്ന്യൻ രവീന്ദ്രൻ. നിലമ്പൂർ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരം തന്നെയെന്ന് പന്ന്യൻ വ്യക്തമാക്കി.

കാലഘട്ടത്തിന് അനുസരിച്ച് ജനങ്ങൾ വോട്ട് ചെയ്തു. അതാണ് നിലമ്പൂരിൽ സംഭവിച്ചത്. വർഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് കോൺഗ്രസ് ജയിച്ചത്. ഭരണവിരുദ്ധ വികാരം കൂടി തോൽവിയുടെ ആക്കം കൂട്ടി. എൽ.ഡി.എഫിന്‍റെ വോട്ടിൽ കുറവ് വന്നിട്ടില്ലെന്നും പന്ന്യൻ രവീന്ദ്രൻ വ്യക്തമക്കി.

സൂംബ നൃത്തം വിവാദത്തിലാക്കാൻ ആരും ശ്രമിക്കരുത്. കുട്ടികളുടെ നല്ലതിന് വേണ്ടിയാണ് സൂംബ നടപ്പാക്കുന്നത്. സർക്കാർ ആരെയും നിർബന്ധിക്കില്ലെന്ന് വ്യക്തിമാക്കിയിട്ടുണ്ടെന്നും പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം, വര്‍ഗീയ, തീവ്രവാദ ശക്തികളെ ചേര്‍ത്തു നിര്‍ത്തി നടത്തിയ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലൂടെയാണ് യു.ഡി.എഫ് വിജയിച്ചതെന്നും ഇത്തവണ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് യു.ഡി.എഫിന് വോട്ട് കുറഞ്ഞതായും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയത്.

2021ൽ യു.ഡി.എഫിന് കിട്ടിയ വോട്ട് നിലനിർത്താനായില്ല. 1420 വോട്ട് കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞിട്ടുണ്ട്. ഇടതുമുന്നണി രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാനാകുന്ന മണ്ഡലമല്ല നിലമ്പൂർ. പാർട്ടി വോട്ട് കൂടാതെ പുറമെനിന്ന് വോട്ട് കിട്ടുമ്പോഴാണ് ജയിക്കാറ്. യു.ഡി.എഫിന് വർഗീയ ശക്തികളുടെ പിന്തുണ കിട്ടി. വർഗീയ തീവ്രവാദ ശക്തികൾ ചേർന്ന് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ബാക്കിയാണ് നിലമ്പൂർ. ഇത് കേരള രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കും.

വർഗീയ ശക്തികളെ മാറ്റി നിർത്തിയാണ് നിലമ്പൂരിൽ എൽ.ഡി.എഫ് ഇത്രയധികം വോട്ട് പിടിച്ചത്. വർഗീയ ശക്തികളെ ഒരുമിപ്പിച്ചും കള്ളപ്രചാരണം നടത്തിയുമാണ് യു.ഡി.എഫ് വിജയിച്ചത്. അൻവറിന്റെ വോട്ട് കൂടി വാങ്ങിയാണ് കഴിഞ്ഞ തവണ നിലമ്പൂരിൽ ജയിച്ചത്. ഇത്തവണ അൻവറിന്റെ വോട്ടിന്റെ കുറവാണ് തോൽവിക്ക് കാരണം. ഇടത് വോട്ടിൽ കുറച്ച് അൻവർ പിടിച്ചിട്ടുണ്ട്. എവിടെ ഒക്കെ വോട്ട് ചോർന്നെന്ന് വിശദമായി പരിശോധിക്കുമെന്നും എം.വി. ​ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Anti-government sentiments are the reason for the defeat in Nilambur - Pannyan Raveendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.