തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കെതിരായ പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിവിരുദ്ധ പ്രചാരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയ-മത നേതാക്കളുടെ ഓൺലൈൻ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സണ്‍ഡേ ക്ലാസുകള്‍, മദ്റസ ക്ലാസുകള്‍, ഇതര ധാർമിക വിദ്യാഭ്യാസ ക്ലാസുകള്‍ മുതലായവയില്‍ ലഹരിവിരുദ്ധ ആശയങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണം.
ഏതെങ്കിലും മതമോ, ജാതിയോ, പാര്‍ട്ടിയോ ലഹരി ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ ഓരോ വിഭാഗത്തിനും ലഭ്യമാകുന്ന അവസരങ്ങളിലെല്ലാം ലഹരിവിരുദ്ധ ജാഗ്രത പുലര്‍ത്താന്‍ അവരവരുടെ അനുയായികളോട് അഭ്യർഥിക്കണം. വിവിധ മതവിഭാഗങ്ങളില്‍പെട്ടവര്‍ ഒത്തുകൂടുന്ന സവിശേഷ ദിവസങ്ങള്‍, അവസരങ്ങള്‍ എന്നിവയില്‍ ലഹരിവിരുദ്ധ സന്ദേശം നല്കാന് പ്രത്യേകം ശ്രദ്ധിക്കണം.
രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിന് മുൻഗണന നൽകണം. സര്‍ക്കാര്‍ തയാറാക്കി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിപുലമായ കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന രൂപരേഖയില്‍ മത-സാമുദായിക സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണ്. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ഒരാഴ്ചക്കകം മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിക്കണമെന്ന് സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണിൽ വിപുലമായ കാമ്പയിൻ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏപ്രില്‍ എട്ടു മുതല്‍ 14 വരെ ഒരാഴ്ചക്കാലം ഓപറേഷന് ഡി ഹണ്ടിന്റെ ഭാഗമായി 15,327 വ്യക്തികളെ പരിശോധനക്ക് വിധേയമാക്കി. 927 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 994 പേരെ അറസ്റ്റ്ചെയ്യുകയും ചെയ്തു. 248.93 ഗ്രാം എം.ഡി.എം.എയും 77.127 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.